കാഞ്ഞങ്ങാട്: കവർച്ചക്കാരൻ രാത്രി വീടിന്റെ മെയിൻ സ്വിച്ച് ഓഫാക്കിയശേഷം വീട്ടമ്മയെ പുറത്തിറക്കി സ്വർണാഭരണം തട്ടിയെടുത്തു. വീട്ടമ്മയുടെ തലയും മുഖവും തുണികൊണ്ട് മൂടിയശേഷമാണ് ആഭരണം കവർന്നത്. കളനാട് വാണിയാർമൂലയിലെ ഗണേഷന്റെ ഭാര്യ കെ. കമലയാണ് (53) കവർച്ചക്കിരയായത്.
വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. മകൻ എറണാകുളത്ത് പഠിക്കുന്നു. ഇളയമ്മ ദേവകിയും കമലയുമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി പെട്ടെന്ന് കറന്റ് പോയി. സമീപത്തെ വീടുകളിലൊന്നും കറന്റ് പോയിട്ടില്ലെന്നും മനസ്സിലായതിനെത്തുടർന്ന് ഫ്യൂസ് പൊട്ടിയതാണോയെന്ന് നോക്കാൻ പുറത്തിറങ്ങിയതാണ് കമല. വീടിന്റെ പിറകുവശത്തെ മെയിൻ സ്വിച്ചിനടുത്തെത്തിയപ്പോൾ മെയിൻ സ്വിച്ച് സ്ഥാപിച്ച പെട്ടി തുറന്ന് ഫ്യൂസ് ഊരിവെച്ച നിലയിലായിരുന്നു.
ടോർച്ച് എടുത്തുവരാമെന്ന് കരുതി തിരിഞ്ഞപ്പോൾ പെട്ടെന്ന് മുഖത്തും തലയിലും മോഷ്ടാവ് തുണിയിട്ടു. നിലവിളിച്ചപ്പോൾ വായ് പൊത്തിപ്പിടിച്ച് തള്ളി താഴെയിട്ടശേഷം കഴുത്തിലുണ്ടായിരുന്ന 1,20,000 രൂപ വിലവരുന്ന രണ്ടേകാൽ പവനോളമുള്ള മാല പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
ബഹളംകേട്ട് സമീപവാസികൾ എത്തിയെങ്കിലും കവർച്ചക്കാരനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് രാത്രിതന്നെ മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ മാലയുടെ താലി വീട്ടുമുറ്റത്ത് വീണനിലയിൽ കണ്ടെത്തി.
തന്നെക്കാൾ പൊക്കമുള്ള ഒരാളാണ് ആക്രമിയെന്ന് കമല പറഞ്ഞു. തള്ളി താഴെയിട്ടതിൽ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റു. വാഹനത്തിന്റെ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് കമല പറഞ്ഞു. പേടിപ്പിക്കുന്ന സംഭവത്തിൽനിന്ന് കമല ഇനിയും മുക്തയായിട്ടില്ല. വീട്ടിൽ ബീഡി തെറുപ്പും തൊഴിലുറപ്പ് തൊഴിലാളിയുമാണ്. കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.