കാഞ്ഞങ്ങാട്: ജീവിതശൈലീരോഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടുകൂടി നടത്തുന്ന പ്രതിവർഷ ആരോഗ്യ സർവേ ‘ശൈലീ രണ്ട് സർവേ’ ജില്ലയിൽ ആരംഭിച്ചു.
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ മണ്ഡലം എം.എൽ.എ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു.
ജില്ല സർവയലൻസ് ഓഫിസർ ഡോ. സന്തോഷ് മുഖ്യപ്രഭാഷണവും എൻ.സി.ഡി നോഡൽ ഓഫിസർ ഡോ. പ്രസാദ് തോമസ് പദ്ധതി വിശദീകരണവും നടത്തി. അനിൽകുമാർ, വല്ലി, കെ. രമണി, പി. പത്മിനി, അബ്ദുല്ലത്തീഫ് മഠത്തിൽ, പ്രശാന്ത്, ചന്ദ്രൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. രാജ്മോഹൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മധു നന്ദിയും പറഞ്ഞു.2022-23 വർഷം ജില്ലയിൽ ശൈലീ ഒന്ന് സർവേ പൂർത്തീകരിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യാവലികൾ ഉൾപ്പെടുത്തിയുള്ള സമഗ്ര സർവേയാണ് ശൈലീ രണ്ട്.
ശാസ്ത്രീയമായ ചോദ്യാവലി ഉപയോഗിച്ച് ജില്ലയിലെ 30 വയസ്സിന് മുകളിലുള്ള 7,20,000 പേരെയും സ്ക്രീനിങ്ങിന് വിധേയമാക്കി ജീവിതശൈലീരോഗങ്ങൾമൂലമുള്ള രോഗലക്ഷണങ്ങൾ പ്രകടമാവുന്നതിനു മുമ്പുതന്നെ അപകടസാധ്യതകൾ കാര്യക്ഷമമായും കൃത്യമായും കണ്ടെത്തുകയും ആരോഗ്യസംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തിയെ പരിശോധിച്ച് രോഗങ്ങൾ കണ്ടെത്തുകയും ചെയ്യും. ശൈലീ രണ്ട് സർവേയുടെ ഗ്രാമപഞ്ചായത്തുതല നഗരസഭതല ഉദ്ഘാടനങ്ങൾ ജൂലൈ 21 മുതൽ 27വരെ സംഘടിപ്പിക്കും. സർവേയുമായി മുഴുവനാളുകളും സഹകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.