കാഞ്ഞങ്ങാട്: ചെങ്കള പഞ്ചായത്തിലെ അഞ്ച് (നാരംപാടി), ആറ് (അർളടുക്ക), വാർഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി ബണ്ടുംകുഴി പാലം അപകടാവസ്ഥയിൽ.
കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലമാണിത്. കാലപ്പഴക്കത്താലുള്ള ബലക്ഷയത്തിന് പുറമെ പാലത്തിൽ നിരന്തരമായി വാഹനങ്ങൾ പ്രവേശിക്കുന്നതും വീതികുറഞ്ഞ പാലത്തിന് കൈവരികൾ ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു.
പാലം പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കോൺക്രീറ്റ് പാളികൾ അടർന്നുവീണ് ഇരുമ്പുകമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളത്. പുതിയ പാലം നിർമിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോകാത്തതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്.
2002ൽ പി.ബി. അബ്ദുറസാഖ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പണിത പാലമാണിത്. പുതിയപാലം പണിത് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇപ്പോൾ ചുറ്റുപാടും വെള്ളമാണ്. ഇതുവഴി ജീവൻ പണയംവെച്ചാണ് കുട്ടികളുടെ യാത്ര. അധികാരികളുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ വലിയ ദുരന്തത്തിലേക്ക് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.