കാഞ്ഞങ്ങാട്: പട്ടികയിൽനിന്ന് ഒഴിവാക്കിയ 1,031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അമ്മമാരുടെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ട് മാസം പിന്നിടുമ്പോഴും സർക്കാർ കേൾക്കാൻ തയാറാവാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാൻ സമരസമിതി.
മേയ് 10ന് അമ്മമാരുടെ അനിശ്ചിതകാല രാപ്പകൽ നിരാഹാരസമരം ആരംഭിക്കും. സമരം ചെയ്യുന്നവരുമായി ചർച്ചചെയ്യാനുള്ള അവസരംപോലും നിഷേധിക്കുന്ന അധികാര ധാർഷ്ഠ്യത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് യോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് നഷ്ടപരിഹാരം കമ്പനി അല്ലെങ്കിൽ, കേന്ദ്രസർക്കാർ നൽകണമെന്നത് അടിവരയിട്ടു പറയുന്നുണ്ടെങ്കിലും അതിനുവേണ്ടി കേരളസർക്കാർ കോടതിയെ സമീപിക്കാതെ എണ്ണം കുറച്ച് വിഷംവിതക്കുന്ന കമ്പനികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു.
അന്താരാഷ്ട്രമാനമുള്ള കീടനാശിനി മാഫിയകളെ ചെറുക്കാൻ സമൂഹമൊന്നടങ്കം മുന്നോട്ടുവരണമെന്നും സമരസമിതി അഭ്യർഥിച്ചു. സമരസഹായസമിതി ചെയർമാൻ എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രമീള ചന്ദ്രൻ, മോഹനൻ കുശാൽനഗർ, ശിവകുമാർ എന്മകജെ, ജയന്തി കൊടക്കാട്, സീതി ഹാജി, സതി, മനോജ് ഒഴിഞ്ഞവളപ്പ്, തമ്പാൻ പുതുക്കൈ, കുമാരൻ കടാങ്കോട്ട്, ശ്രീധരൻ മടിക്കൈ, ശാരദ മധൂർ, ബേബി അമ്പിളി, സരസ്വതി അജാനൂർ, ബിന്ദു കാഞ്ഞങ്ങാട്, പുഷ്പ ഭീമനടി, അവ്വമ്മ, ഭവാനി എന്നിവർ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം.കെ. അജിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.