കാഞ്ഞങ്ങാട്: ഇന്നത്തെ കാലത്ത് സിനിമയെടുക്കുന്നതല്ല, അതെങ്ങനെ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നതാണ് യഥാർഥ വെല്ലുവിളിയെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ സെന്ന ഹെഗ്ഡേ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മൊബൈൽ കാമറയിൽപോലും ഇന്ന് സിനിമ ചിത്രീകരിക്കാം. എടുത്തശേഷം എന്തുചെയ്യമെന്നാണ് ചോദ്യം. തിയറ്ററുകൾ തുറന്നാലും താരമൂല്യമില്ലാത്ത സിനിമകൾക്ക് സ്വീകാര്യത കിട്ടണമെന്നില്ല. ഒ.ടി.ടി പ്ലാറ്റ്ഫോമിലും താരങ്ങളുടെ ചിത്രങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. ഒ.ടി.ടിയിൽ ഇറങ്ങുന്ന പടം മണിക്കൂറുകൾക്കുള്ളിൽ തന്നെ ടെലിഗ്രാമിൽ എത്തുമെന്നതും വെല്ലുവിളിയാണ്. ഒരു ബുദ്ധിജീവി നാട്യങ്ങളുമില്ലാത്ത, നർമത്തിന് പ്രാധാന്യമുള്ള സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം'. എന്നാൽ, മികച്ച രണ്ടാമത്തെ സിനിമക്കും മികച്ച കഥക്കുമുള്ള അവാർഡ് ലഭിച്ചതോടെ സിനിമ ഒരു അവാർഡ് പടമായി മുദ്രകുത്തപ്പെടുമോയെന്ന് ആശങ്കയുണ്ട്.
പൂർണമായും ഒരു കാഞ്ഞങ്ങാടൻ പടമാണിത്. കാഞ്ഞങ്ങാടിെൻറ പശ്ചാത്തലത്തിലുള്ള കഥയും ഇവിടത്തെ ഭാഷാശൈലിയും ഇവിടത്തുകാരായ നടീനടന്മാരും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മാത്രമാണ് പുറത്തുപോയി ചെയ്തിട്ടുള്ളത്. ചിത്രത്തിെൻറ റിലീസ് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും. കാഞ്ഞങ്ങാടിെൻറ മണ്ണിലാണ് ഞാൻ കംഫർട്ടബിൾ. അതിനാലാണ് ചെയ്ത മൂന്നു സിനിമകളിൽ രണ്ടും സ്വന്തം നാടിെൻറ പശ്ചാത്തലത്തിൽ ഒരുക്കിയത്. ഗൗരവതരമായ വിഷയങ്ങളും നർമത്തിൽ ചാലിച്ച് പറയാനാണ് താൽപര്യം. അക്കാര്യത്തിൽ ബാലചന്ദ്രമേനോെൻറ സിനിമകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമകൾ ഇഷ്ടമാണ്. പുതുതായി മൂന്നു പ്രോജക്ടുകൾ മനസ്സിലുണ്ട്. ഇതിൽ ഒരെണ്ണമാകും അടുത്തതായി ചെയ്യുക. രണ്ടെണ്ണത്തിെൻറ രചന ഞാനും കാമറമാൻ ശ്രീരാജ് രവീന്ദ്രനും ചേർന്ന് നിർവഹിക്കും. ഒരു സിനിമയുടെ തിരക്കഥ മറ്റൊരാളാണ് ചെയ്യുക. രണ്ടെണ്ണത്തിൽ മുഖ്യധാരയിലെ നടീനടന്മാർ പങ്കാളികളാകും. ഒരു സിനിമ പൂർണമായും പുതുമുഖങ്ങളെ വെച്ചാകും ചെയ്യുകയെന്നും സെന്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.