കാഞ്ഞങ്ങാട്: '100 രൂപയും കടന്ന് കുതിക്കുകയാണ് പെട്രോൾവില. വലിയ പ്രയാസത്തിലൂടെയാണ് ജീവിതം തള്ളിനീക്കുന്നത്. വെറുതെ ഓടുന്നു...' -കാഞ്ഞങ്ങാട് നഗരത്തിൽ 48 വർഷമായി ഓട്ടോ ഓടിക്കുന്ന കുഞ്ഞമ്പുവിന്‍റെ വാക്കുകളാണിത്. ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. പതിനെട്ടാമത്തെ വയസ്സിൽ ഓട്ടോ ഓടിക്കാൻ തുടങ്ങിയതാണ് ഇദ്ദേഹം. അന്ന് പെട്രോളിന്‍റെ ലാൻബി ഓട്ടോറിക്ഷകൾ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. 25 രൂപക്ക് അഞ്ചു ലിറ്ററോളം അടിച്ചുവെക്കും. 1973ൽ 50 പൈസയാണ് മിനിമം ചാർജ്.
അന്ന് കാഞ്ഞങ്ങാട് നഗരത്തിൽ കോട്ടച്ചേരിയിലുള്ള ഭാരത് പെട്രോൾ പമ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ മാവുങ്കലും ഒരു പമ്പുണ്ടായിരുന്നു. രാവിലെ എട്ടിന് വീട്ടിൽനിന്ന് ഓട്ടോയുമായി ഇറങ്ങിയാൽ രാത്രി 12നാണ് മടക്കം. 250 രൂപ വരെ അന്ന് കിട്ടി. ആ തുകകൊണ്ട് ജീവിതച്ചെലവുകളെല്ലാം കഴിഞ്ഞാലും മിച്ചമുണ്ടായിരുന്നു.
ചായക്ക് അന്ന് 20 പൈസയാണ്. ചായക്കും എണ്ണക്കടിക്കുംകൂടി ഒരു രൂപ. 1983 ആവുമ്പോഴേക്കും ലാൻബി ഓട്ടോയിൽനിന്ന് ബജാജിന്റെ ഓട്ടോറിക്ഷയിലേക്കെത്തി. പെട്രോളിന് 15 രൂപ വരെ എത്തി. റിക്ഷയുടെ മുൻഭാഗത്തായിരുന്നു എൻജിൻ ഉണ്ടായിരുന്നത്. കോഴിക്കോടുനിന്ന് 6000 രൂപക്കാണ് വണ്ടി കാഞ്ഞങ്ങാട് എത്തിച്ചത്. അന്ന് നഗരത്തിൽ ആകെ ഉണ്ടായിരുന്നത് ആറ് റിക്ഷകൾ. നിരവധി പേർ അക്കാലത്ത് റിക്ഷയെ ആശ്രയിച്ചിരുന്നു.ആകെയുണ്ടായിരുന്ന ഓട്ടോസ്റ്റാൻഡ് കോട്ടച്ചേരി സർക്കിളിനടുത്തുള്ളത്. അന്ന് പഞ്ചായത്ത് തലത്തിൽ മാത്രമായിരുന്നു പെർമിറ്റ് ഉണ്ടായിരുന്നത്.
1990നടുത്താണ് ഗരുഡയുടെ ഡീസൽ വണ്ടിയിറങ്ങിയത്. അന്ന് ഡീസലിന് ചെറിയ വിലയാണ്. 1973ൽ കിട്ടിയ വാടക മാത്രമേ ഇപ്പോഴും കിട്ടുന്നുള്ളൂ. ഡീസലിന് 100 കഴിഞ്ഞതുകൊണ്ട് രണ്ടു ലിറ്റർ മാത്രമാണ് അടിക്കുന്നത്. വൈകീട്ട് ഏഴു വരെ ഓടിയാലും 250 രൂപ മാത്രമേ പോക്കറ്റിലേക്ക് എത്തുന്നുള്ളൂവെന്ന് കുഞ്ഞമ്പുവേട്ടൻ പറയുന്നു. വണ്ടിയുടെ ഇൻഷുറൻസ്, പെർമിറ്റ്, നികുതി, പരിശോധന ഫീസ്, പുകപരിശോധന ഇവയെല്ലാം അടക്കുമ്പോഴേക്കും ചെറിയ തുക കടക്കാരനായി മാറുന്ന അവസ്‌ഥയാണ്.
ഒരുപാട് പേർ റിക്ഷജീവിതം മതിയാക്കി വേറെ തൊഴിലിടങ്ങൾ തേടി. പുതിയ തലമുറ ആവേശത്തിൽ ഓട്ടോയിലേക്ക് താൽപര്യം പ്രകടിപ്പിച്ചു വരുന്നുണ്ടെങ്കിലും പാതിവഴിയിൽ നിർത്തി പോകുന്നു. കുതിച്ചുപായുന്ന ഇന്ധന-പാചകവാതകവില, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് ഓടിക്കിതക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.