കാഞ്ഞങ്ങാട്: പിതാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ കോടതിയുടെ അനുമതി.
പാണത്തൂർ പുത്തൂരടുക്കത്തെ ബാബുവിനെ (54) കൊലപ്പെടുത്തിയ കേസിലാണ് മകൻ സബിന്‍ (19) പരീക്ഷ എഴുതാൻ കാസർകോട് ജില്ല കോടതി അനുമതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് ബാബുവിനെ പുത്തൂരടുക്കത്തെ വീടിനു സമീപം റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിൽ മകൻ സബിനും മാതാവ് സീമന്തനിയെയും രാജപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻഡ് ചെയ്തു. കാസർകോട് ഗവ. കോളജിലെ ബി.എസ്.സി രണ്ടാം വർഷ വിദ്യാർഥിയാണ് സബിൻ.
റിമാൻഡ് ചെയ്തതിന് പിന്നാലെ കാസർകോട് ജില്ല കോടതിയെ സമീപിച്ച് പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച കോടതി വിദ്യാർഥിക്ക് ജാമ്യം അനുവദിച്ചില്ല. പകരം പരീക്ഷ എഴുതാൻ അനുമതി നൽകുകയായിരുന്നു.
കാസർകോട് കോളജിൽ പരീക്ഷ നടക്കുന്ന അഞ്ചു ദിവസം പരീക്ഷയെഴുതാൻ വേണ്ട സംവിധാനം ഒരുക്കണമെന്ന് ജില്ല കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ഈമാസം 12, 13 തീയതികളിൽ നടന്ന പരീക്ഷ കോടതി ഉത്തരവിനെ തുടർന്ന് സബിന്‍ എഴുതാനായി. 17, 19, 24 തീയതികളിൽ നടക്കുന്ന പരീക്ഷകൾ കൂടി എഴുതാൻ കോടതി അനുമതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.