കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നെല്ലിക്കട്ടയിലെ ഫാത്തിമത്ത് സുഹ്റയുടെ (41) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. കൂടെ താമസിച്ചിരുന്ന ചെങ്കള റഹ്മത്ത് നഗറിലെ കനിയടുക്കം ഹൗസിലെ അസൈനാറാണ് കൊലക്ക് പിന്നിലെന്ന് കരുതുന്നു. അസൈനാറിനെ കാസർകോട്ടെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ ക്വാർട്ടേഴ്സിനകത്ത് മരിച്ചനിലയിൽ കണ്ടത്. ഞായറാഴ്ചയാണ് കഴുത്തറുത്തതെന്നാണ് സംശയം. കൃത്യം നിർവഹിച്ചതിനുശേഷം അസൈനാർ ക്വാർട്ടേഴ്സിന്റെ വാതിൽ പൂട്ടി സ്ഥലം വിട്ടതാണെന്നും കരുതുന്നു. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താൻ പൊലീസ് ക്വാർട്ടേഴ്സിൽ പരിശോധന നടത്തും. ക്വാർട്ടേഴ്സ് പൂട്ടി പൊലീസ് സീൽ ചെയ്തു. ഇന്ന് ഇവിടെ പൊലീസ് വിശദമായ പരിശോധന നടത്തും. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാവാകാം കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. വീടിന്റെ ഹാളിൽ സോഫയിൽ കിടത്തി തുണി കൊണ്ട് മൂടിയനിലയിലായിരുന്നു അഴുകിയ മൃതദേഹം കണ്ടത്. തറയിൽ രക്തം ഒഴുകിയിരുന്നു. നാല് വർഷത്തോളമായി ഈ ക്വാർട്ടേഴ്സിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.