കാഞ്ഞങ്ങാട്: സഞ്ചാരികൾ ഒഴുകിയെത്തിയതോടെ വീർപ്പുമുട്ടി റാണിപുരം വിനോദസഞ്ചാര കേന്ദ്രം. അവധിദിവസമായ ഞായറാഴ്ച രാവിലെ മുതൽ റാണിപുരത്തേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കായിരുന്നു. മഴക്കാല കാലാവസ്ഥ ആസ്വദിക്കാനാണ് കൂട്ടത്തോടെ ആളുകളെത്തിയത്. അടുത്തകാലത്ത് റാണിപുരം കണ്ടതിൽ വലിയ തിരക്കായിരുന്നു ഞായറാഴ്ച അനുഭവപ്പെട്ടത്. ഒരാൾക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച മാത്രം ലക്ഷത്തിനുമേൽ വരുമാനം വനംവകുപ്പിന് ലഭിച്ചു. ടിക്കറ്റെടുത്താൽ രണ്ടര കിലോമീറ്റർ ദൂരം വനത്തിനുള്ളിൽ സഞ്ചരിക്കാം, വനസൗന്ദര്യം ആസ്വദിക്കാം. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെയും കാണാം. മഴക്കാലമായതോടെ റാണിപുരത്ത് തിരക്ക് പതിവായി. ശരാശരി 1300 പേർ ഇവിടെ എത്തുന്നുണ്ട്.
തിരക്കുമൂലം ഞായറാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സൗകര്യമില്ലാതെ വീർപ്പുമുട്ടി. റോഡരികിൽ തന്നെ കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടിവന്നു. ഇരുചക്രവാഹനങ്ങളിലാണ് കൂടുതലാളുകളും എത്തിയത്. രാവിലെ കാഞ്ഞങ്ങാടുനിന്ന് റാണിപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലും വൻ തിരക്കനുഭവപ്പെട്ടു. ജൂലൈ ഒന്ന് മുതൽ യു.പി.എ സംവിധാനം വഴിയാണ് വനംവകുപ്പിന്റെ ടിക്കറ്റ് വിൽപന. നെറ്റ്വർക്ക് തകരാറും കൗണ്ടർ വൈഫൈ വേഗമില്ലാത്തതും മൂലം ആളുകൾ ബുദ്ധിമുട്ടിലായെങ്കിലും ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാഷ് പേമെന്റും സ്വീകരിച്ചു. വരുംദിവസങ്ങളിലും തിരക്കുണ്ടാകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. വനംവകുപ്പ് നേരിട്ടാണ് സഞ്ചാരികളെ സ്വീകരിക്കുന്നതും നിയന്ത്രിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.