കാഞ്ഞങ്ങാട്: പൊതുമാരാമത്ത് റോഡുതകർന്ന് തരിപ്പണമായതിനെത്തുടർന്ന് പൊറുതിമുട്ടിയ നാട്ടുകാർ നിർമാണ കമ്പനിയുടെ പ്ലാന്റ് ഉപരോധിക്കുകയും ലോറികൾ തടഞ്ഞിടുകയും ചെയ്തു. അമ്പലത്തറ, ചാലിങ്കാൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മീങ്ങോത്ത് ഇ.എം.എസ് കലാ കായിക വേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഇന്നലെ രാവിലെയാണ് ഇവിടത്തെ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റ് ഉപരോധിച്ചത്.
മൂന്ന് മണിക്കൂർ സമയം കമ്പനിയുടെ ലോറികൾ സർവിസ് നടത്താൻ വിടാതെ തടഞ്ഞു. പ്ലാന്റിലേക്ക് വാഹനങ്ങളെത്തുന്നത് മൂലമാണ് ചാലിങ്കാൽ മുതൽ മീങ്ങോത്തുവരെ റോഡുകൾ പൂർണമായും തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പർ, ടോറസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ഭാരം കയറ്റി ഏത് സമയത്തും സർവിസ് നടത്തുന്നുണ്ട്. ദേശീയപാത നിർമാണത്തിന് പ്ലാന്റിൽനിന്നുമാണ് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നത്. ദേശീയപാത പോലെ തിളങ്ങി നിന്ന റോഡിന്റെ അവസ്ഥ ഇന്ന് അതിദയനീയമാണ്. നാട്ടുകാരും വിവിധ സംഘടനകളും നിരവധി സമരം നടത്തി.
റോഡ് നന്നാക്കാമെന്ന് കമ്പനി ഉടമകൾ പറയുന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ല. ഇതേത്തുടർന്നാണ് വീണ്ടും സമരത്തിനിറങ്ങിയത്. പരിഹാരമുണ്ടാകുന്നില്ലെങ്കിൽ സമരം തുടരാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് ഇന്നലെ വൈകീട്ടോടെ സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.