കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചശേഷം ഇതേ സ്കൂട്ടറിൽ സഞ്ചരിച്ച് അധ്യാപികയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു. പൊലീസും നാട്ടുകാരും പിന്തുടരുന്നതറിഞ്ഞ പിടിച്ചുപറി സംഘം വാഹനം ഉപേക്ഷിച്ച് ഫോണുമായി കടന്നു. ചെമ്മട്ടംവയൽ തോയമ്മലിലെ അബ്ദുൽ അസീസിന്റെ കെ.എൽ 60 -ഡി 7184 ആക്ടീവ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം കാണാതായത്.
സ്റ്റേഷന്റെ കിഴക്കുഭാഗത്തെ റോഡരികിലാണ് നിർത്തിയിട്ടിരുന്നത്. രാവിലെ 6 .25 വൈകിട്ട് 6. 45 നു മിടയിലാണ് സംഭവം. 25 000 രൂപ വില വരുന്ന സ്കൂട്ടറാണ് മോഷണം പോയത്. ഹോസ് ദുർഗ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ബേക്കൽപൊലീസ് അതിർത്തിയിൽ പിടിച്ചു പറി നടന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന യു.പി സ്കൂൾ അധ്യാപിക തൃക്കരിപ്പൂർ കാറോളം മെനോക്ക പുതിയപുരയിൽ ഹൗസിൽ പി.പി. ഷൈമയുടെ മൊബൈൽ ഫോണാണ് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്ത് രക്ഷപ്പെട്ടത്.
കോട്ടിക്കുളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് മോഷ്ടിച്ചത്. 15500 രൂപ വില വരുന്ന ഫോണാണ് തട്ടിയെടുത്തത്. അധ്യാപിക ബഹളമുണ്ടാക്കിയപ്പോൾ നാട്ടുകാർ ഓടിയെത്തി. പൊലീസിനും വിവരം നൽകി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ സംഘം സ്കൂട്ടർ ഇടവഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിലാണ് കാഞ്ഞങ്ങാട്ട് നിന്നും മോഷണം പോയതാണെന്നറിഞ്ഞത്. സംഘം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെയും റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടർ മോഷ്ടിക്കാനെത്തുന്നതിന്റെയും രണ്ട് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അധ്യാപികയുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.