കാഞ്ഞങ്ങാട്: ജീവനൊടുക്കിയ വിനയചന്ദ്രൻ മരിക്കുന്നതിന് തലേദിവസം രാത്രി ഒരുസംഘത്തിന്റെ ക്രൂരമായ മർദനത്തിനിരയായെന്ന് റിപ്പോർട്ട്. യുവാവിനെ മർദിച്ച കേസിൽ മകനും പിതാവുമുൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. വിനയചന്ദ്രന്റെ രണ്ട് മൊബൈൽ ഫോണുകളും പഴ്സും പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെയും ചോദ്യംചെയ്ത ശേഷമാണ് വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ ഷിജു അറസ്റ്റ് രേഖപ്പെടുത്തിയത്. പരപ്പ കുപ്പമാടിലെ കെ. സുമേഷ് (30), പിതാവ് സതീശൻ (60), പൂടംകല്ലിലെ അഖിൽ അബ്രഹാം (26) എന്നിവരാണ് അറസ്റ്റിലായത്.
ചുള്ളിക്കരയിൽ കൊറിയർ സർവിസ് നടത്തിയിരുന്ന പരപ്പ പട്ട്ളത്തെ വിനയചന്ദ്രൻ (38) തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 22ന് രാവിലെ ജീവനൊടുക്കുന്നതിന് തലേദിവസം വിനയചന്ദ്രന് മർദനമേറ്റിരുന്നു. ഇതിന്റെ സൂചന നൽകുന്ന കത്ത് ലഭിച്ചിരുന്നു. പട്ളത്തെ വാടകവീട്ടിനടുത്തുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. യുവാവിന്റെ ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈലുകളും പഴ്സും പണവും കവർന്നെന്ന് കാട്ടി മാതാവ് ഭവാനി നൽകിയ പരാതിയിലായിരുന്നു വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.