കുമ്പള: നാട്ടുകാർ ലഹരിക്കെതിരെ പോരാടുന്ന പ്രദേശത്തുനിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ പോയ വീട്ടമ്മ അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹ്റാ ബീവിയാണ് (40) അറസ്റ്റിലായത്. യുവതിയും ഇവരുടെ ഭർത്താവും ചേർന്നാണ് പ്രദേശത്ത് കഞ്ചാവ് വിൽപന നടത്തിവന്നിരുന്നതെന്ന് എക്സൈസും പ്രദേശവാസികളും പറയുന്നു. സർക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്.
ബന്തിയോട്, അടുക്ക പ്രദേശങ്ങളിൽ അടുത്തകാലത്തായി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം നടത്തിവരുകയായിരുന്നു. ഇതിനിടയിൽ പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടിൽനിന്ന് രക്ഷപ്പെട്ട സുഹ്റാ ബീവി ഒളിവിലായിരുന്നു.
ഇവർ വീട്ടിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞാണ് എക്സൈസ് സംഘം പിടികൂടിയത്. പിടികൂടുന്ന സമയത്തും ഇവരുടെ കൈവശം 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. മുമ്പും നാര്‍കോടിക്ക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് കേസിൽ പ്രതിയായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.