കുമ്പള: പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ തലകീഴായി മറിഞ്ഞ് പരിക്കേറ്റ് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം അപകടസ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. കാർ ആദ്യം നിർത്തിയിരുന്ന സ്ഥലവും താണ്ടിയ വഴികളുമാണ് ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച പരിശോധിച്ചത്.
അതിനിടെ,സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ രക്ഷിതാക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. പേരാൽ കണ്ണൂർ അബ്ദുല്ലയുടെ മകനും അംഗടിമുഗർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ ഫറാസ് അപകടത്തിൽ മരിച്ച സംഭവത്തിലാണ് മാതാവ് സഫിയ പ്രത്യേക ടീം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.
വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് പ്രതിക്കൂട്ടിലാണ്. പൊലീസ് നടപടി വിവാദമായതിനെ തുടർന്ന് വിവിധ രാഷ്ട്രീയ സംഘടനകളും നാട്ടുകാരും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിനും വിദ്യാർഥിയുടെ മരണത്തിനും കാരണമെന്ന ആരോപണം ശക്തമാണ്. സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നുകൊണ്ടിരിക്കെ നമസ്കരിക്കുന്നതിനുവേണ്ടി പള്ളിയിലേക്ക് വരുന്നവഴിയാണ് വിദ്യാർഥികളെ പൊലീസ് പിന്തുടർന്നതെന്നാണ് ആരോപണം. വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നത് സർക്കാർ വർഷങ്ങൾക്കുമുമ്പ് വിലക്കിയതാണ്. പൊലീസിന്റെ പിന്തുടർന്നുള്ള ‘ഓട്ടം’ അപകടങ്ങൾക്ക് വഴിവെക്കുന്നതായ കണ്ടെത്തലിനെ തുടർന്നാണ് ഇത് സർക്കാർ വിലക്കിയത്. സർക്കാറിന്റെ ഈ നിലപാടിന്റെ ലംഘനമാണ് ഒരു വിദ്യാർഥിയുടെ ജീവൻ അപഹരിക്കുന്ന അപകടത്തിലേക്ക് നയിച്ചത്. വലിയ ക്രിമിനലുകളോടെന്നപോലെയാണ് പൊലീസ് വിദ്യാർഥികളോട് പെരുമാറിയതെന്ന ആരോപണവും ശക്തമാണ്. വാഹന പരിശോധനക്ക് കർശനമായ ചട്ടങ്ങൾ ഉണ്ടെങ്കിലും അത് പാലിക്കാതെയാണ് പൊലീസ് നടപടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മരിച്ച ഫറാസിനു വേണ്ടി ഇന്നലെ സീതാങ്കോളിയിൽ മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ പ്രാർഥന സദസ്സ് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.