കുമ്പള: യു.ഡി.എഫിനും ബി.ജെ.പിക്കും തുല്യമായി സീറ്റുകൾ ലഭിച്ച കുമ്പള പഞ്ചായത്തിൽ മുസ്ലിം ലീഗ് ഭരണത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായി. ഒമ്പതു വീതം സീറ്റുകളാണ് യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്.
23 വാർഡുകളിൽ ഒരു സീറ്റ് എസ്.ഡി.പി.ഐക്കും രണ്ടു വീതം സീറ്റുകൾ എൽ.ഡി.എഫിനും സ്വതന്ത്രർക്കുമാണുള്ളത്. ഇതിൽ 19ാം വാർഡിൽനിന്ന് മുസ്ലിം ലീഗ് വിമതയായി മത്സരിച്ചു ജയിച്ച കൗലത്ത് ബീവിയുടെ നിരുപാധിക പിന്തുണയോടെയായിരിക്കും ലീഗ് അധികാരത്തിൽ വരുക. ഇതിനിടെ, ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാൻ ആവശ്യമെങ്കിൽ മറ്റുചില അംഗങ്ങളും ലീഗിനെ പിന്തുണക്കാമെന്ന സന്നദ്ധത അറിയിച്ചതായാണ് വിവരം.
അതിനിടെ, സത്യപ്രതിജ്ഞക്കുശേഷം ബി.ജെ.പി അംഗങ്ങൾ യോഗം ചേർന്ന് പ്രസിഡൻറ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. ബത്തേരിയിൽനിന്ന് (22) തെരഞ്ഞെടുക്കപ്പെട്ട വിദ്യ എൻ. പൈ ആയിരിക്കും ബി.ജെ.പിയുടെ പ്രസിഡൻറ് സ്ഥാനാർഥിയെന്ന് സൂചനയുണ്ട്. ഒമ്പതു സീറ്റുള്ള ബി.ജെ.പിക്ക് ഭരണത്തിലേറാൻ ഒരു അംഗത്തിെൻറ പിന്തുണകൂടി ആവശ്യമുണ്ട്. നിലവിലുള്ള സ്വതന്ത്ര അംഗങ്ങളോ എൽ.ഡി.എഫ് അംഗങ്ങളോ എസ്.ഡി.പി.ഐ അംഗമോ ബി.ജെ.പിയെ പിന്തുണക്കില്ല.
എന്നാൽ, യു.ഡി.എഫിൽനിന്ന് ഒരു കോൺഗ്രസ് അംഗത്തെ അടർത്തിയെടുക്കാനായാൽ ബി.ജെ.പിക്ക് ഭരണസമിതി രൂപവത്കരിക്കാനുള്ള വഴി തുറക്കും. അത്തരമൊരു നീക്കത്തിനാവും ബി.ജെ.പി മുതിരുകയെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.