കുമ്പള: കടൽക്ഷോഭം നേരിടുന്ന പെർവാഡ് കടപ്പുറത്ത് ജിയോബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. 100 മീറ്റർ നീളത്തിൽ നിർമിക്കുന്ന ജിയോ ബാഗ് തീരസംരക്ഷണ ഭിത്തിയുടെ നിർമാണമാണ് നടക്കുന്നത്. കഴിഞ്ഞ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്താണ് ആറു മീറ്റർ വീതിയിൽ ഇപ്പോൾ കടൽഭിത്തി നിർമിക്കുന്നത്. നേരത്തെ കരിങ്കൽ ഉപയോഗിച്ചായിരുന്നു കടൽഭിത്തി.
എന്നാൽ, ശക്തമായ കടൽക്ഷോഭത്തിൽ വർഷംതോറും ഭിത്തി തകർന്ന് കല്ല് കടലിലേക്ക് ഒഴുകിപ്പോകുകയാണ്. അതുകൊണ്ടുതന്നെ കരിങ്കൽ ഭിത്തി കൊണ്ടുള്ള കടൽഭിത്തി നിർമാണത്തിൽ തീരദേശവാസികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം ഉപയോഗപ്രദമാണെന്ന് അധികൃതർ പറയുന്നുണ്ട്. കോയിപ്പാടി, ചേരങ്കൈ കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം കടൽഭിത്തികൾ വർഷങ്ങളായി നിലനിൽക്കുന്നുമുണ്ട്.
ഇവിടെ നിർമിക്കുന്ന ഭിത്തിക്ക് ഒരു മീറ്റർ താഴ്ചയും ഭൂനിരപ്പിൽനിന്ന് ഒന്നരമീറ്റർ ഉയരവുമുണ്ട്. അടിത്തറയൊരുക്കാൻ കുഴിച്ചപ്പോൾ നീക്കിയ മണൽ പ്രത്യേകതരം ബാഗിൽ നിറച്ച് തുന്നി അടുക്കിയാണ് ഭിത്തി നിർമിക്കുന്നത്. നിറക്കലും തുന്നലും അടുക്കലും എല്ലാം യന്ത്രസഹായത്തോടെയാണ്. 1,500 ജിയോ ബാഗുകളിലായാണ് ഭിത്തി നിർമിക്കുന്നത്. ജലസേചനവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി. 14 ലക്ഷം രൂപ ചെലവിലാണ് നിർമാണം.
കഴിഞ്ഞവർഷം ഇതുമായി ബന്ധപ്പെട്ട് ജില്ല വികസനസമിതി യോഗത്തിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ചാണ് നിർമാണ അനുമതി ലഭിച്ചതെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെംബറുമായ സബൂറ പറഞ്ഞു. കടലാക്രമണം നേരിടുന്ന തീരത്തെ മറ്റുപ്രദേശങ്ങളിലും ഇത്തരത്തിലുള്ള നൂതനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ബന്ധപ്പെട്ടവരെ സമീപിക്കുമെന്ന് സബൂറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.