പ്ലസ് വൺ പരീക്ഷ തയാറെടുപ്പുമായി സർക്കാർ; കാര്യം തിരിയാതെ ഓപ്പൺ സ്കൂൾ വിദ്യാർഥികൾ

കുമ്പള: പ്ലസ് വൺ പരീക്ഷ തയാറെടുപ്പുമായി സർക്കാർ മുമ്പോട്ട് പൊയ്കൊണ്ടിരിക്കെ കാര്യം തിരിയാതെ ഓപ്പൺ സ്കൂൾ വിദ്യാർഥികൾ നട്ടം തിരിയുന്നു. കോവിഡ് വ്യാപനത്തിനിടെ പല കാരണങ്ങൾ കൊണ്ട് സ്കൂളുകളിൽ സീറ്റ് ലഭിക്കാതെ പോയ നൂറുകണക്കിന് വിദ്യാർഥികളാണ് പിന്നീട് ഓപ്പൺ സ്കൂൾ വിഭാഗത്തിൽ ഹയർ സെക്കന്‍ററിക്ക് അപേക്ഷ നൽകിയിട്ടുള്ളത്. ഇവർക്ക് നിരന്തര മൂല്യനിർണയ സ്കോറുകൾ നൽകുന്നതിനായി എല്ലാ വർഷവും സ്കൂളുകളിൽ കോണ്ടാക്റ്റ് ക്ലാസുകൾ നൽകുകയും ഓരോ വിഷയങ്ങൾക്കും ഓരോ അസൈൻമെന്‍റോ പ്രൊജക്ട് വർക്കോ മറ്റോ നൽകി വരികയും ചെയ്തിരുന്നു.

ഈ വർഷം സർക്കാർ ഓപൺ സ്കൂൾ വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങൾ മുഖേന ഓൺലൈനായി ക്ലാസുകൾ നൽകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും പരിപൂർണമായും പാലിക്കപ്പെട്ടിട്ടില്ല. ചില സ്കൂളുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതുവഴി ക്ലാസുകൾ നൽകാൻ ശ്രമിച്ചെങ്കിലും പല കുട്ടികളുടെയും ഫോണുകൾ സാമ്പത്തികം ഉൾപ്പെടെയുള്ള കാരണങ്ങളാൽ റീചാർജ് ചെയ്യാത്തതും മറ്റ് നെറ്റ് വർക്ക് പ്രശ്നങ്ങളും കൊണ്ട് സാധ്യമായില്ല.        

ചില സ്കൂളുകളിൽ നിന്ന് ഓൺലൈനായി വിദ്യാർത്ഥികൾക്ക് അസൈൻമെന്‍റുകളും മറ്റു പ്രവർത്തികളും നൽകിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ക്ലാസുകളോ മാതൃകകളോ ഇല്ലാത്തതിനാൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു പോയിരിക്കുകയാണ് വിദ്യാർഥികൾ. വിഷയങ്ങൾ നൽകി രണ്ടു മാസം കഴിഞ്ഞിട്ടും മിക്ക കുട്ടികളും അവർക്ക് ഏൽപിക്കപ്പെട്ട പ്രവർത്തികൾ പൂർത്തിയാക്കി പരീക്ഷ കേന്ദ്രങ്ങളിൽ സമർപ്പിച്ചിട്ടില്ല. അതിനിടെയാണ് പരീക്ഷയുടെ ആഗമനം.

ആഗസ്ത് 31 മുതൽ ഒരു മാതൃകാപരീക്ഷ നടത്തുമെന്ന് സർക്കാർ അറിയിപ്പ് നൽകിയിരുന്നു. ഓപ്പൺ സ്കൂൾ വിദ്യാർഥികൾ എവിടെ നിന്ന് ചോദ്യപേപ്പറുകൾ സ്വീകരിക്കണമെന്നോ എങ്ങനെ പരീക്ഷ എഴുതണമെന്നോ യാതൊരറിയിപ്പും നൽകിയിട്ടില്ല. കൂടാതെ പരീക്ഷയുമായി ബന്ധപ്പെട്ട് പഠിക്കാൻ ഓരോ വിഷയങ്ങൾക്കും ഫോക്കസ് ഏരിയ നിശ്ചയിച്ച് സർക്കാർ സ്കൂളുകൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കും പ്രൈവറ്റ് വിദ്യാർഥികൾക്കും ഏതൊക്കെ ഭാഗങ്ങളാണ് പരീക്ഷക്ക് വേണ്ടി പഠിക്കേണ്ടത് എന്ന അറിയിപ്പും ലഭിച്ചിട്ടില്ല. പെൺകുട്ടികളുൾപ്പെടെ പലർക്കും അവർ താമസിക്കുന്ന സ്ഥലത്തു നിന്നും മണിക്കൂറുകൾ യാത്ര ചെയ്യേണ്ട ദൂരങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ചിട്ടുള്ളത്. ഇത്തരം വിദ്യാർഥികൾക്ക് യാത്രയും ഒരു വലിയ പ്രശ്നമാണ്.

കഴിഞ്ഞ ഓപ്പൺ പ്ലസ്ടു ക്ലാസുകൾക്ക് സ്കൂളുകളിൽ നിന്നും, ഭൂരിഭാഗം വിദ്യാർഥികൾക്കും അവർ പഠിച്ചിരുന്ന സമാന്തര സ്ഥാപനങ്ങളിൽ നിന്നും ചെറിയ തോതിലെങ്കിലും ക്ലാസുകൾ ലഭിച്ചിരുന്നു. എന്നാൽ സെപ്റ്റംബർ ആറു മുതൽ പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസിന് ശേഷം നേരിട്ട് ഒരൊറ്റ ക്ലാസു പോലും ലഭിച്ചിട്ടില്ല.സയൻസ് പഠിക്കുന്ന കുട്ടികൾക്ക് ഫിസിക്സ്, കെമിസ്ട്രി, കണക്ക്, കൊമേഴ്സുകാർക്ക് അക്കൗണ്ടൻസി, ഇക്കണോമിക്സിന്‍റെ ഭാഗമായ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ് എന്നിവയൊന്നും നേരിട്ടുള്ള ക്ലാസുകളിലൂടെയല്ലാതെ മനസ്സിലാക്കിയെടുക്കാൻ സാധ്യമല്ല.

ദിനേന കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അവർക്ക് പരീക്ഷക്ക് മുമ്പ് ഒരാഴ്ചയെങ്കിലും ക്ലാസുകൾ ലഭിക്കാനുള്ള സാധ്യതയുമില്ല. കാര്യങ്ങൾ ഇത്രയും സങ്കീർണ മെന്നിരിക്കെ പ്ലസ് വൺ വിദ്യാർഥികൾക്ക് നടത്തുന്ന പരീക്ഷകൾ  അവരോടുള്ള ഒരു വെല്ലുവിളിയും പരീക്ഷണവുമാണ്. 

Tags:    
News Summary - Govt prepares for Plus One exam; Open school students without know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.