വീടിനോടൊപ്പം തകർന്ന ജീവിതവുമായി ഉപ്പളയിലെ ഹസൈനാർ

കുമ്പള: രണ്ടു പതിറ്റാണ്ടിലേറെയായി സൈക്കിളിൽ വീടുകളിലും കടകളിലും പത്രങ്ങൾ വിതരണം നടത്തി കുടുംബം പുലർത്തി വരികയാണ് ഉപ്പള മണിമുണ്ട സ്വദേശിയായ ഹസൈനാർ. രണ്ടു വർഷം മുമ്പൊരു മഴയിൽ വീട് ഭാഗികമായി തകർന്നു. വീട് നന്നാക്കുവാനോ പുതിയതു നിർമിക്കാനോ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഉപ്പള ഹീറോ ഗല്ലിയിൽ ഒരു വാടക വീട്ടിലേക്ക് താമസം മാറി.

വീടു നന്നാക്കുന്നതു വരെ താൽക്കാലിക സംവിധാനമായാണ് വാടക വീട്ടിലേക്ക് താമസം മാറ്റിയത്. എന്നാൽ കോവിഡ് വ്യാപനം ഈ അമ്പത്തിമൂന്നുകാര‍​െൻറ കണക്കുകൂട്ടലുകളെ തകർത്തു കളഞ്ഞു. വീടു നന്നാക്കാനോ വാടക വീട് ഒഴിവാക്കാനോ സാധിച്ചില്ല. ഇതോടെ മാനസികമായും ശാരീരികമായും തളർന്നു. സൈക്കിൾ ചവിട്ടി പത്രവിതരണം ദുഷ്കരമായി. ഏക ജീവിതമാർഗം വഴിമുട്ടുമെന്നായതോടെയാണ് ഒരു സ്കൂട്ടർ വാങ്ങിയാൽ മുമ്പോട്ടു പോകാമെന്ന് ചിന്തിച്ചത്.

കുക്കാർ പാലം മുതൽ ഉപ്പള ഗേറ്റു വരെയും ഉൾപ്രദേശങ്ങളിൽ സോങ്കാൽ വരെയുമാണ് ഹസൈനാർ പത്രം വിതരണം ചെയ്യുന്നത്. പുലർച്ചെ അഞ്ചര മുതൽ ഉച്ചവരെ പണിയുണ്ടാകും. കന്നട, മലയാളം പത്രങ്ങൾക്ക് ഒരു പോലെ ആവശ്യക്കാരുള്ള പ്രദേശമാണ് ഉപ്പള. ചില ഓഫിസുകളിലും കടകളിലും രണ്ട് ഭാഷയിലുള്ള പത്രങ്ങളും വാങ്ങും. മിക്ക വീടുകളിലും കന്നട ഭാഷയും മലയാളവും കൈകാര്യം ചെയ്യുന്ന ആളുകളുള്ളതിനാൽ രണ്ടു ഭാഷാപത്രങ്ങൾ വാങ്ങുന്ന വീട്ടുകാരുമുണ്ട്.

കൂടാതെ വളരെ കുറച്ചെങ്കിലും ഇംഗ്ലീഷ് പത്രത്തിനും ആവശ്യക്കാരുണ്ട്. ഒരു വർഷത്തോളമായി സ്കൂട്ടറിലാണ് ഹസൈനാർ പത്രം വിതരണം ചെയ്യുന്നത്. ശാരീരികാധ്വാനം കുറയ്ക്കാനും സമയലാഭത്തിനും സ്കൂട്ടർ സഹായകമാണെങ്കിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് വരുത്തി വെക്കുന്നതെന്ന് ഹസൈനാർ പറയുന്നു.

മൂവായിരത്തോളം രൂപ മാസം ലോണടക്കണം. ദിവസം നൂറ്റമ്പതു രൂപ വരെ ഇന്ധനച്ചെലവ്. ഇതിന് പുറമെ വീട്ടുവാടക കൂടിയാവുമ്പോൾ ഈയിനത്തിൽ മാത്രം ചെലവ് പതിനായിരം കടക്കും.വീട് പണി പൂർത്തിയാക്കാനുള്ള സഹായമെങ്കിലും സർക്കാറിൽ നിന്ന് ലഭിച്ചാൽ മാസാമാസം നൽകേണ്ട വീട്ടുവാടകയെങ്കിലും ഒഴിവായിക്കിട്ടുമായിരുന്നുവെന്നാണ് ഹസൈനാർ പറയുന്നത്. 

Tags:    
News Summary - Hassainar in Uppala with a broken life with his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.