കുമ്പള: ഉപ്പളയിലെ കവർച്ചക്കു പിന്നാലെ കുമ്പള ബദരിയ നഗറിൽ സമാനരീതിയിൽ പട്ടാപ്പകൽ കവർച്ച. തിങ്കളാഴ്ച രാവിലെ 11ഓടെ പ്രവാസിയായ ഇർഷാദ് സുലൈമാന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ സൗലത്തിന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ സ്വർണമാല ഹെൽമറ്റ് ധരിച്ചെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കവരുകയായിരുന്നു. വീട്ടുകാർ ബഹളംവെച്ചതോടെ സംഘം കാറിൽ കയറി രക്ഷപ്പെട്ടു.
21ന് ബദരിയ നഗറിലെ നഫീസയുടെ വീട്ടിൽ കവർച്ചശ്രമം നടന്നിരുന്നു. രാവിലെ ഏഴോടെ വെള്ളം ചോദിച്ച് ഒരു സ്ത്രീ വീട്ടിലെത്തുകയായിരുന്നു. വെള്ളമെടുക്കാൻ അടുക്കളയിലേക്കു ചെന്ന നഫീസയുടെ പിന്നാലെ സ്ത്രീയും എത്തി. ഇവർ മുഖംമൂടി അഴിക്കാത്തതിൽ സംശയിച്ചുനിൽക്കെ വീടിനകത്ത് മുഖംമൂടി ധരിച്ച ഒരു പുരുഷനെ കണ്ട നഫീസയും കുട്ടികളും ഉച്ചത്തിൽ ബഹളംവെച്ചപ്പോൾ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.
കുമ്പള പൊലീസ് കവർച്ച നടന്ന വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത വീടുകളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച നടന്ന കവർച്ചശ്രമത്തിന്റെ ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. കവർച്ച നടന്ന വീട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസുഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.