കുമ്പള: കുമ്പള ഹയർ സെക്കൻഡറി വിദ്യാർഥികളെ വരവേറ്റത് കൊതുകുകൾ. അധ്യയന വർഷത്തിന്റെ ഒന്നാം ദിവസം തന്നെ ക്ലാസുകളിൽ കൊതുകു കടി സഹിച്ചിരിക്കാനായിരുന്നു വിദ്യാർഥികൾക്ക് വിധി. കൊതുകു നിവാരണത്തിന് ആരോഗ്യ വകുപ്പ് നിതാന്ത ജാഗ്രത പാലിച്ചു വരുന്നുണ്ടെങ്കിലും കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഒരു പരിശോധന പോലും നടത്തിയിട്ടില്ല.
സ്കൂൾ വളപ്പിനോട് ചേർന്ന് പൊലീസ് കൊണ്ടിട്ട കസ്റ്റഡി വാഹനങ്ങളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. തകർന്ന വാഹനങ്ങളുടെ ഉള്ളിലും ലോറികളുടെയും ട്രക്കുകളുടെയും മറ്റും ഉപരിതലങ്ങളിലും മഴവെള്ളം തളംകെട്ടി നിൽക്കുന്നുണ്ട്. നേരത്തെ ഇതേ വിദ്യാലയത്തിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചപ്പോൾ ചുറ്റുമതിലിനോട് ചേർന്ന് വാഹനങ്ങൾ നിർത്തിയിട്ടതിനാൽ ഈ ഭാഗങ്ങൾ ശുചീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ വാഹനങ്ങൾ നിർത്തിയിട്ട ഈ ഭാഗം കാടുമൂടിക്കിടക്കുകയാണ്. കൂടാതെ പകൽ നട്ടുച്ച സമയങ്ങളിൽ പോലും മദ്യപന്മാർ ഈ വാഹനങ്ങളുടെ മറപറ്റിയിരുന്ന് മദ്യപിക്കുന്നതും ലഹരിയിൽ അടിപിടികൂടുന്നതും തൊട്ടടുത്തുള്ള ആൽത്തറയിൽ ബോധം നഷ്ടപ്പെട്ട് ഉറങ്ങുന്നതും പതിവു കാഴ്ചയാണ്. പലരും മതിലിനോട് ചേർന്നിരുന്ന് മൂത്ര വിസർജനം നടത്തുന്നുണ്ട്.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് ഇവർ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പ് ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്തുനിന്ന് വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ പകർച്ച വ്യാധികൾ വിദ്യാർഥികളെ ബാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.