കുമ്പള: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കവെ വീട്ടുമുറ്റത്തെ നൂറ്റിയമ്പതു വർഷത്തിലധികം പഴക്കമുള്ള കിണറും റാട്ടയും നഷ്ടപ്പെടുന്ന ആധിയിലാണ് കുമ്പള ആരിക്കാടി കടവത്തെ പത്മനാഭ. മൂന്നു തലമുറകൾക്കു മുമ്പ് മുത്തച്ഛന് പാരമ്പര്യമായി കിട്ടിയ സ്വത്തിലാണ് മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി ചെയ്തുവരുന്ന പത്മനാഭയും കുടുംബവും കഴിയുന്നത്. തൊണ്ണൂറുകളിൽ 14 സെൻറ് സ്ഥലമുണ്ടായിരുന്നു.
റോഡ് വികസനത്തിന് 1992-ൽ ഇരുനില വീടുൾപ്പെടുന്ന ഒമ്പത് സെൻറിലധികം സ്ഥലം ഏറ്റെടുത്തു. അസുഖം ബാധിച്ച് കിടപ്പായിരുന്ന അച്ഛൻ സുകുമാര പ്രതിഫലമൊന്നും വാങ്ങാതെ സ്ഥലം വിട്ടുനൽകുകയായിരുന്നു. അന്ന് ആ വീടിനകത്തായിരുന്നു റാട്ടയോടു കൂടിയ ഈ കിണർ. വീടു പൊളിച്ചുമാറ്റി ശേഷിച്ച നാലര സെൻറ് ഭൂമിയിൽ ഒതുക്കി കെട്ടിയപ്പോൾ കിണർ നിന്ന സ്ഥലം മുറ്റത്തിെൻറ അരികായി മാറി. കൊടും വേനലിലും വറ്റാത്ത കിണറാണിത്. റാട്ട ഉപയോഗിക്കുന്നതിനാൽ അനായാസം കോരിയെടുക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കപ്പികൾ നിലവിൽ വരുന്നതിന് മുമ്പ് പുരാതന ശിൽപ വേലയിൽ പേരുകേട്ട ആശാരിമാരാണ് മരം കൊണ്ട്, വെള്ളം കോരാനുപയോഗിക്കുന്ന റാട്ടകൾ നിർമിച്ചിരുന്നതെന്ന് പത്മനാഭ പറഞ്ഞു. അക്കാലത്ത് കിണറുകൾ അടുക്കള ഭാഗത്ത് വീട്ടിനകത്തുനിന്ന് വെള്ളം കോരിയെടുക്കാൻ പാകത്തിൽ വീടിനോട് ചേർന്നോ വീടിനകത്തോ ആണ് നിർമിച്ചിരുന്നത്. വീടിനും സ്ഥലത്തിനുമായി 33.5 ലക്ഷം ലഭിക്കാൻ ധാരണയായതായി പത്മനാഭ 'മാധ്യമ'ത്തോട് പറഞ്ഞു. ശേഷിക്കുന്ന മൂന്ന് സെൻറ് ഭൂമി വീടുവെക്കാൻ പ്രാപ്തമല്ലെന്നാണ് പത്മനാഭ പറയുന്നത്. അതിനാൽ ഹിയറിങ് കഴിഞ്ഞാലുടൻ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.