കുമ്പള: ടാർ ലഭിക്കാത്തതിനെത്തുടർന്ന് റോഡുപണികൾ മുടങ്ങുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്കു കീഴിലുള്ള കരാർ ജോലികളാണ് രണ്ടു മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്. ഓരോ വർഷത്തെയും കരാറുകൾ മാർച്ചിന് മുമ്പോ മാർച്ച് മാസത്തോടെയോ ചെയ്തുതീർത്ത് ബില്ലുകൾ സമർപ്പിച്ച് പണം കൈപ്പറ്റുകയാണ് സാധാരണ കരാറുകാർ ചെയ്തുവരുന്ന രീതി.
ഇതിനായി സിഡ്കോയിൽനിന്നാണ് കരാറുകാർ ടാർ വാങ്ങേണ്ടത്. അതിന് മുൻകൂറായി കരാറുകാർ പണം അടക്കുകയും വേണം. പണമടച്ച് ഒരാഴ്ചക്കകം ലഭിക്കേണ്ട ടാറിന് രണ്ടുമാസത്തോളമായി കരാറുകാർ കാത്തിരിക്കുന്നു. മാർച്ച് മാസത്തോടെ കാലാവധി കഴിയുന്ന കരാറുകളും ഇതിലുണ്ട്.
പല റോഡുകളുടെയും പ്രവൃത്തിയാരംഭിച്ച് ടാറില്ലാതെ പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മാർച്ച് മാസത്തോടെ പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എടുത്ത പണികൾ നഷ്ടത്തിലാവുകയും പദ്ധതി ലാപ്സാവുകയും ചെയ്യുമെന്നാണ് കരാറുകാർ പറയുന്നത്. പുറത്തുനിന്നും ടാർ വാങ്ങി, തുടങ്ങിെവച്ച പണികൾ പൂർത്തിയാക്കാമെന്നുെവച്ചാൽ ടാർ വാങ്ങിയ ബില്ലുകൾ സ്വീകരിക്കപ്പെടില്ല എന്ന പ്രശ്നവുമുണ്ട്.
ഇന്ധന വിലക്കനുസരിച്ച് ടാറിനും വില കൂടുന്നതിനാൽ വില കൂട്ടി വിൽക്കാൻ സിഡ്കോ ടാർ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ടാർ ബാരലിന് മൂവായിരത്തിലധികം രൂപ വർധിച്ചതായാണ് വിവരം. നിലവിൽ ബാരലിന് 8,400 രൂപയാണത്രെ വില. ഏറ്റെടുത്ത കരാറുകളിൽ ടാറിന് അനുവദിച്ച വില തുച്ഛമായതിനാൽ ഈ വില വർധന വലിയ നഷ്ടം വരുത്തുമെന്നും കരാറുകാർ പറയുന്നു.
ഈ അവസ്ഥ തുടർന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം മുടങ്ങിയതും ഈ വർഷം പൂർത്തീകരിക്കേണ്ടതുമായ 80 ശതമാനം പദ്ധതികളും ഫണ്ടുകളും നഷ്ടപ്പെടാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.