കുമ്പള: കൂടുതൽ ട്രെയിനുകൾ മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയതോടെ കുമ്പളയിൽ ഒരു ട്രെയിനിനെങ്കിലും സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും വ്യാപാരികളും രംഗത്ത്. ഈമാസം തന്നെ വന്ദേ ഭാരത് അടക്കം രണ്ടു ട്രെയിനുകളാണ് മംഗളൂരു-കോഴിക്കോട് ഭാഗങ്ങളിലേക്ക് ഓടിത്തുടങ്ങിയത്.
മംഗളൂരു -രാമേശ്വരം ട്രെയിൻ ഉടൻ ഓടിത്തുടങ്ങും. പ്രസ്തുത ട്രെയിനിനോ കച്ചെഗുഡ എക്സ്പ്രസിനോ കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇപ്പോൾ കോഴിക്കോട്ടുവരെ നീട്ടിയിട്ടുണ്ട്. ഈ ട്രെയിനിന് കുമ്പളയിൽ സ്റ്റോപ് അനുവദിക്കണമെന്ന് നേരത്തെതന്നെ യാത്രക്കാർ ആവശ്യപ്പെട്ടുവരുന്നതുമാണ്.
അതേപോലെ പരശുറാം, മാവേലി ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധസംഘടനകളും വ്യാപാരികളും നാട്ടുകാരും വിദ്യാർഥി സംഘടനകളും മന്ത്രിമാർ, റെയിൽവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിരന്തരമായി നിവേദനങ്ങൾ നൽകിവരുകയാണ്.
ഒരുപതിറ്റാണ്ടായി ഈ ആവശ്യവുമായി സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. എന്നാൽ, റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ഏകദേശം 37ഓളം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് കുമ്പള റെയിൽവേ സ്റ്റേഷൻ. നിറയെ യാത്രക്കാരും നല്ല വരുമാനവുമുള്ള ജില്ലയിലെ സ്റ്റേഷനുകളിലൊന്നാണ് കുമ്പള. എന്നാൽ, അടിസ്ഥാന സൗകര്യവികസനത്തിൽ ഏറ്റവും പിറകിലാണ് കുമ്പള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.