കുമ്പള: ഒരു പ്രദേശത്തെ മുഴുവൻ ദുർഗന്ധത്തിൽ മുക്കി കോഴിമാലിന്യ സംസ്കരണ പ്ലാന്റ്. ഇതിനെതിരെ ജനങ്ങൾ അനിശ്ചിത കാല സമരത്തിലേക്ക്. കുമ്പള, പുത്തിഗെ പഞ്ചായത്തുകളുടെ പരിധിയിലുള്ള അനന്തപുരം വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെതിരെയാണ് സമരസമിതി രൂപവത്കരിച്ച് ജനങ്ങൾ അനിശ്ചിതകാല സമരത്തിന് ഇറങ്ങിയിരിക്കുന്നത്.
സേവ് അനന്തപുരം കർമസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ വ്യവസായ യൂനിറ്റിനുസമീപത്തായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ല കലക്ടർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾക്ക് നിവേദനം നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നത്. കോഴി മാലിന്യ സംസ്കരണ പ്ലാൻറിൽ നിന്ന് വമിക്കുന്ന ദുർഗന്ധവും പുറത്തേക്ക് ഒഴുക്കുന്ന മലിന ജലവും ഇല്ലാതാക്കുക, തൊട്ടടുത്ത മറ്റൊരു യൂനിറ്റിൽ നിന്നു പാറകൾ പൊടിച്ച് മണൽ കടത്തുന്നത് നിർത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കണ്ണൂർ, പെർണ, കാമന വയൽ, അനന്തപുരം, നാരായണമംഗലം, പൊട്ടോരി എന്നിവിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ദുർഗന്ധംമൂലം ദുരിതമനുഭവിക്കുന്നത്. കൂടാതെ കണ്ണൂർ ഗവ.എൽ.പി.സ്കൂൾ, കാമന വയൽ, നായ്ക്കാപ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ അംഗൻവാടി വിദ്യാർഥികളും ദുരിതമനുഭവിക്കുന്നു. ദുർഗന്ധം കാരണം ഭക്ഷണംപോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പലരും.
കർമസമിതി പ്രസിഡന്റ് ടി. ഷെരീഫ്, സെക്രട്ടറി സുനിൽ അനന്തപുരം, വൈസ് പ്രസിഡന്റ് എ.കെ. അഷ്റഫ്, സ്വാഗത് സീതാംഗോളി, പുത്തിഗെ പഞ്ചായത്തംഗം ജനാർദനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.