കുമ്പള: കൊലക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എം പഞ്ചായത്ത് അംഗത്തെ സംസ്ഥാന ഇലക്ഷന് കമീഷന് താല്‍ക്കാലികമായി അയോഗ്യനാക്കി. കുമ്പള ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡ് അംഗം എസ്. കൊഗ്ഗുവിനെയാണ് അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ തീരുമാനം വരുന്നതുവരെ അയോഗ്യത തുടരും.
സി.പി.എം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് കൊഗ്ഗു. 1998 ഒക്ടോബര്‍ ഒമ്പതിന് ബി.എം.എസ് പ്രവര്ത്തകന് വിനുവിനെ (19) കൊലപ്പെടുത്തിയ കേസില്‍ കൊഗ്ഗുവിന് ജില്ല സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവു വിധിച്ചിരുന്നു. ഹൈകോടതിയില്‍ അപ്പീല്‍ നല്കി വിധി കാത്തിരിക്കെയായിരുന്നു കൊഗ്ഗു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്. അപ്പീലില്‍ ഡിസംബര്‍ 20ന് വിധി പറഞ്ഞപ്പോള്‍ ഹൈകോടതി നാലുവര്‍ഷം കഠിന തടവായി ചുരുക്കിയെങ്കിലും ശിക്ഷ റദ്ദാക്കിയില്ല.
കോടതി വിധി നിലനില്‍ക്കെ കൊഗ്ഗു പഞ്ചായത്ത് അംഗത്വം തുടരുന്നതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി കുറ്റവിമുക്തനായി അംഗത്വം തുടരാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അയോഗ്യത ഉത്തരവ് ഇറക്കിയത്.
കുമ്പളയിലെ തിയറ്ററില്‍ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിന്നില്‍നിന്ന് ചുമലില്‍ കാലെടുത്തുവെച്ചതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കൊലപ്പെടുത്തിയെന്നാണ് കേസ്. എസ്.കൊഗ്ഗു (45) ഉള്‍പ്പെടെ മൂന്നുപേരായിരുന്നു കേസിലെ പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.