കുമ്പള: വൈദ്യുതി ബില്ലിൽ ഷോക്കടിച്ച് കുമ്പളയിലെ വ്യാപാരി സമൂഹം പ്രതിഷേധത്തിൽ. തൊട്ടടുത്ത സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറച്ചും സൗജന്യങ്ങൾ നൽകിയും വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം കാണുമ്പോൾ സംസ്ഥാന സർക്കാർ സ്വന്തം വരുമാന വർധന ലക്ഷ്യമാക്കി വൈദ്യുതി വർധന വരുത്തുകയാണ്.
ഈ മാസം വ്യാപാരികൾക്ക് ലഭിച്ച ബില്ലിൽ ‘ഡെപ്പോസിറ്റ്’ എന്ന പേരിൽ വാണിജ്യ -വ്യാപാര ഉപഭോക്താക്കൾക്ക് ഇരട്ടി ബിൽ നൽകി കെ.എസ്.ഇ.ബി ഷോക്കടിപ്പിച്ചിരിക്കുകയാണ്. ഇത് വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മൂന്നിരട്ടി തുകയാണ് ബില്ലിൽ ഉള്ളത്. 6000 രൂപ മുതൽ 15,000 രൂപ വരെ ലഭിച്ചവരും ഉണ്ട്. അതേസമയം, കെ.എസ്.ഇ.ബി ശിപാർശ ചെയ്ത ഗാർഹിക വൈദ്യുതി നിരക്ക് വർധന ഈ മാസം പ്രാബല്യത്തിൽ വരും. അതിന്റെ ബില്ല് കൂടി വരുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്കും ഇരുട്ടടിയാകും.
‘ഫിക്സഡ്’ ചാർജിലും വർധന വരുന്നതോടെ ഗാർഹിക ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത വർധനയാണ് ഉണ്ടാവുക. അടുത്ത അഞ്ചുവർഷംകൊണ്ട് 4145.9 കോടി രൂപ സ്വരൂപിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സാധാരണക്കാരിൽ നിന്നാണ് ഈടാക്കുന്നത്.
വൻകിടക്കാരുടെ 3000 കോടി വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാൻ നടപടിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വ്യാപാര,വാണിജ്യ സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.