കുമ്പള: തൊണ്ടിമുതൽ കാണിച്ചുകൊടുത്തിട്ടും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് വ്യാപാരി എസ്.പിക്ക് പരാതി നൽകി. ബന്തിയോട് കുബണൂരിൽ പഴയ മരം വ്യാപാരം നടത്തുന്ന ഹൊസങ്കടിയിലെ നസീർ ആണ് പരാതി നൽകിയത്.
പഴയവീടുകൾ കരാറെടുത്ത് പൊളിച്ച് മരഉരുപ്പടികളും മറ്റും വ്യാപാരം നടത്തിവരുകയായിരുന്ന പരാതിക്കാരൻ ആറുമാസം മുമ്പ് കുബണൂരിൽ ഒരു കെട്ടിടത്തിലെ മുറി വാടകക്കെടുത്ത് ഗോഡൗൺ സ്ഥാപിച്ചിരുന്നു. മരഉരുപ്പടികളായിരുന്നു ഇവിടെ സൂക്ഷിച്ചത്.
ഗോഡൗണിൽനിന്ന് സാധനങ്ങൾ അപ്രത്യക്ഷമാകുന്നത് പതിവായതിനെത്തുടർന്ന് രാത്രിയിൽ ഇദ്ദേഹം ഗോഡൗണിനടുത്ത് തന്നെ താമസമാക്കി. ഒരുദിവസം രാത്രി കാറിൽ ചിലർ എത്തി ഭീഷണിപ്പെടുത്തി. പിറ്റേന്ന് രാത്രി തൊട്ടടുത്ത റൂമിൽ കിടന്നുറങ്ങവേ ഒരു വാഹനം വന്ന് നിൽക്കുന്ന ശബ്ദവും തുടർന്ന് സാധനങ്ങൾ വണ്ടിയിൽ കയറ്റുന്നതുപോലെയുള്ള ശബ്ദവും കേട്ടു.
രാവിലെ നോക്കിയപ്പോൾ കുറെ സാധനങ്ങൾ നഷ്ടമായതായി കണ്ടെത്തി. പിന്നീട് ഗോഡൗണിൽനിന്ന് നഷ്ടമായ മരങ്ങൾ മറ്റൊരാളുടെ കടയിൽ ഇറക്കുന്നത് കണ്ടു. ഇതോടെ കുമ്പള പൊലീസിൽ പരാതി നൽകി. ഒരു ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് പിറ്റേ ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ ചെന്നപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ ഒരു പ്രതിയോട് പെരുമാറുന്നതുപോലെയാണ് പെരുമാറിയതെന്നും വണ്ടിയുടെ താക്കോൽ പിടിച്ചുവാങ്ങിയെന്നും നസീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരുസംഘം കടയിൽ എത്തി തന്നെ ആക്രമിച്ചതായും നസീർ പറയുന്നു. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.പിക്ക് പരാതി നകിയത്. നസീറിനു പുറമെ സിറാജ് പച്ചമ്പളയുംവാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.