കുമ്പള: ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇനി മുതൽ പ്രദേശത്തെ കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി എന്നിവ മനസ്സിലാക്കുകയും ഡേറ്റകൾ തയ്യാറാക്കുകയും ചെയ്യും.
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലാരംഭിച്ച കേരള സ്കൂൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ.കെ.എം. അഷ്റഫ് എം.എൽ.എ നിർവഹിച്ചു. കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ മർദം, മഴയളവ് തുടങ്ങിയവ കുട്ടികൾ ഓരോ ദിവസവും നിരീക്ഷിച്ച് രേഖപ്പെടുത്തും.
ഇതിനായി മഴമാപിനി, അനിമോമീറ്റർ, വിൻഡ് വെയ്ൻ, വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോ മീറ്റർ, മോണിറ്റർ, വെതർ ഡാറ്റ ബുക്ക് തുടങ്ങി 13 ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പൊതു സമൂഹത്തിനുകൂടി ഗുണപ്രദമാകുന്ന വെതർ സ്റ്റേഷനുകൾ ജില്ലയിൽ ഈ വർഷം അനുവദിച്ചത് പതിനൊന്ന് സ്കൂളുകൾക്കാണ്.
മറ്റു കേന്ദ്രങ്ങളിലും വൈകാതെ വെതർ സ്റ്റേഷൻ പ്രവർത്തനസജ്ജമാകും. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് മെംബർ ജമീല സിദ്ദീഖ് മുഖ്യാതിഥിയായി. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ നാരായണ ദേലമ്പാടി പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, എ.ഇ.ഒ ഇൻ ചാർജ് എസ്. ജിതേന്ദ്ര, എം. ദിനേശ്, കുമ്പള ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ജയറാം ജെ, പി.ടി.എ പ്രസിഡന്റ് എ.കെ. ആരിഫ്, എസ്.എം.സി ചെയർമാൻ കെ.വി. യൂസഫ്, മൊയ്തീൻ അസീസ്, അഹമ്മദലി, വിനീഷ, ഹെഡ് മിസ്ട്രസ് ഇൻചാർജ് അഞ്ചു ഡി.എസ്, സുരേഷ് ഷെട്ടി എന്നിവർ സംസാരിച്ചു. ഭൂമിശാസ്ത്ര അധ്യാപകൻ കാർത്തികേയൻ പി. നന്ദി പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.