കുമ്പള: കുമ്പള ടൗണിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായില്ല. സ്കൂൾ മൈതാനത്ത് സദാ പുകഞ്ഞു കൊണ്ടിരുന്ന മാലിന്യക്കൂമ്പാരത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതും തീയിട്ടു കത്തിക്കുന്നതും മാധ്യമം വാർത്തയെത്തുടർന്ന് നിർത്തലായിരുന്നു.
റമദാനിന് ശേഷം ഈ സ്ഥലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. മീൻ മാർക്കറ്റിന് സമീപം തപാൽ വകുപ്പിന്റെ സ്ഥലത്ത് സ്കൂൾ മൈതാനത്ത് പ്രവേശിക്കുന്ന പടവുകൾക്ക് സമീപത്തും മാലിന്യങ്ങൾ കൂട്ടി കത്തിക്കുന്നു. ദിവസവും മേൽക്കുമേൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതിനാൽ കൂനയിൽ തീ അണയാറില്ല.
സ്കൂൾ റോഡിലെ ഓടകൾ മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. വേനൽ മഴയും തുടർന്ന് മഴക്കാലവും പ്രതീക്ഷിച്ചു കഴിയുന്ന ഈ സമയത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്.
ഓടകൾ ശുചീകരിച്ചിട്ടില്ലെന്ന് മാത്രമല്ല നാലു വർഷം മുമ്പ് നിർമിച്ച ഈ ചാലിനെ സ്ലാബിട്ട് സംരക്ഷിച്ചിട്ടുമില്ല. ജി.എസ്.ബി.എസ്, ജി.എച്ച്.എസ്.എസ്, അപ്ലൈഡ് സയൻസ് കോളജ്, രണ്ട് സ്വകാര്യ കോളജുകൾ എന്നിവയിലായി അയ്യായിരത്തോളം വിദ്യാർഥികളാണ് കുമ്പള ടൗണിനോട് ചേർന്ന ഈ പ്രദേശത്ത് പഠിക്കുന്നത്. കുമ്പള ഗ്രാമ പഞ്ചായത്ത് തികഞ്ഞ അനാസ്ഥയാണ് ടൗണിനോട് കാണിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.