കുമ്പള: മംഗൽപാടി പഞ്ചായത്തിൽ 3500 ഓളം ഫയലുകൾ തീർപ്പാവാതെ കെട്ടിക്കിടക്കുകയാണെന്നും തീർപ്പാവുന്നതുവരെ സമരം ചെയ്യുമെന്നും ഭരണസമിതി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ അഭാവം മൂലം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരം കണ്ടിട്ടില്ല.
നിരന്തരം സമർദം ചെലുത്തിയതിന്റെ ഫലമായി നിയമനങ്ങൾ നടത്തിയെങ്കിലും അനുഭവസ്ഥരോ ഐ.ടി. സാക്ഷരതയുള്ളവരോ നിയമിച്ചവരിൽ ഉണ്ടായിരുന്നില്ല. നിയമനം ലഭിച്ചവർ തന്നെ ചാർജെടുത്ത ഉടൻ അവധിയിൽ പ്രവേശിക്കുകയാണെന്നും ഭരണ സമിതി ആരോപിച്ചു.
100ഓളം സങ്കീർണമായ ഫയലുകൾ മാറ്റി നിർത്തിയാൽതന്നെ ബാക്കിയുള്ളവക്ക് ശാശ്വത പരിഹാരം വേണം. ഭരണസമിതി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജനങ്ങൾ മനസ്സിലാക്കി വരികയാണെന്നും ഭരണസമിതി നടത്തുന്ന സമരത്തിന് ജനപിന്തുണ ഏറി വരികയാണെന്നും അംഗങ്ങൾ പറഞ്ഞു.
വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും സന്നദ്ധ സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തുന്നുണ്ട്. ഇപ്പോൾ ഒഴിവുള്ള തസ്തികകൾ മാത്രം നികത്തിയാൽ പ്രശ്നത്തിന് പരിഹാരമാകില്ല. പകരം സംവിധാനമെന്ന നിലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം.
ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്താണ് മംഗൽപാടി. അതുകൊണ്ടു തന്നെ ജനകീയ പ്രശ്നങ്ങളും ഏറെയാണ്. മന്ത്രിമാർക്കും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയാലും ഫലമുണ്ടാവുന്നില്ല. ഭരണ സമിതിയുടെ സമരത്തെ അവഗണിക്കുകയാണെങ്കിൽ സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്താനാണ് ആലോചിക്കുന്നത്.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് റുബീന നൗഫൽ, വൈസ് പ്രസിഡന്റ് യൂസുഫ് ഹേരൂർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖൈറുന്നിസ ഉമ്മർ, മുഹമ്മദ് ഹുസൈൻ, അംഗങ്ങളായ മജീദ് പച്ചമ്പള, ഇർഫാന ഇഖ്ബാൽ, ബാബു ബന്തിയോട്, കിഷോർ ബന്തിയോട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.