കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പ (43)യാണ് മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള പൊലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച മുള്ളേരിയ ബളിഗെയിൽ തെയ്യം കെട്ടു കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അനക്കമറ്റ നിലയിൽ കണ്ടെത്തിയ ഐത്തപ്പയെ കാസർകോട്ടെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.
കുപ്പെ ബഞ്ചുർളി തെയ്യം കെട്ടിന് പ്രസിദ്ധനായ ഐത്തപ്പ വടക്കൻ കേരളത്തിലും കർണാടകയിലും വിശ്വാസികൾക്കിടയിൽ പ്രസിദ്ധനാണ്. വീട്ടിലെത്തിയ ഐത്തപ്പ മദ്യപിച്ചിരുന്നതായും ഒറ്റയ്ക്കായിരുന്ന ഇയാളെ സഹോദരനും മറ്റൊരു സുഹൃത്തും സന്ദർശിച്ചിരുന്നതായും പറയപ്പെടുന്നു.
ഐത്തപ്പയ്ക്ക് വെള്ളം നൽകാൻ തങ്ങൾ വീട്ടിൽ പോയിരുന്നതായി സഹോദരനും സുഹൃത്തും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. ബന്ധുവായ ശരത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഐത്തപ്പയുടെ ഭാര്യ ജലജയുടെ പിതാവ് ഈയിടെ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തനിച്ചായ മാതാവിനെ പരിചരിക്കാൻ ജലജയും കുട്ടികളും മധൂരിലെ വീട്ടിലാണ് താമസം. മാതാവ്: കമല. മക്കൾ: അജിത്, അഞ്ജലി, ഹർഷിത, അജയ്. സഹോദരങ്ങൾ: ഹരീഷ, ഉമേശ, കൃഷ്ണ, രവി, പുഷ്പ, വിമല, നിർമ്മല, ജാനകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.