കുമ്പള: കുമ്പള -മുള്ളേരിയ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ടൗൺ സൗന്ദര്യവത്കരണ പദ്ധതി കുമ്പളയിൽ പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയായാൽ ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. വൻതോതിലുള്ള മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡുവികസനത്തോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലുമായി കൈവരികളോടെയുള്ള നടപ്പാത ഒരുക്കും. ഓവുചാലുകളുടെ സ്ലാബിനു മുകളിലൂടെയാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇത് ടൗണിലെത്തുന്ന വിദ്യാർഥികൾക്കും മറ്റും ഏറെ ആശ്വാസമാകും.
നേരത്തെ കെ.എസ്.ടി.പി നിർമാണ കമ്പനി അധികൃതരും കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് ടൗൺ സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കുന്നത്. ടൗൺ ബസ്സ്റ്റാൻഡ്- ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
കെ.എസ്.ടി.പി റോഡ് നിർമാണം പൂർത്തിയായാൽ മാത്രമേ ബസ് സ്റ്റാൻഡ് -ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ മറ്റു നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാവൂ എന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി.
സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് ടൗണിൽ നിന്ന് മാറി അൽപമകലെ സ്ഥാപിക്കാനാണ് സാധ്യത. ഇതനുസരിച്ച് ടൗണിലെ ഓട്ടോ സ്റ്റാൻഡുകൾക്കും മാറ്റം വരും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികളുമായി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി ചർച്ചകളും നടത്തിവരുന്നുണ്ട്. എന്നാൽ റോഡ് വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിലൂടെയല്ല നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആക്ഷേപം.
ഇത് കെട്ടിട ഉടമകളെ സംരക്ഷിക്കാനാണെന്ന് ആക്ഷേപവും തൊഴിലാളികൾക്കുണ്ട്. ടൗൺ സൗന്ദര്യവത്കരണ പദ്ധതി കുമ്പളയുടെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. എന്നാൽ നിർമാണ പ്രവൃത്തികളിൽ വേഗത പോരെന്നും വ്യാപാരികൾക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.