കുമ്പള: കുമ്പള എക്സൈസ് ഓഫിസിനുനേരെ അജ്ഞാതന്റെ പരാക്രമം. കമ്പ്യൂട്ടർ മുറിക്ക് പെട്രോളൊഴിച്ച് തീയിടാൻ ശ്രമിക്കുകയും ഔദ്യോഗിക ജീപ്പ് ഉൾപ്പെടെ വാഹനങ്ങളിൽ ചെങ്കല്ല് കയറ്റിവെക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചയാണ് ആക്രമണമുണ്ടായത്.
പുലർച്ച ഒരു മണി വരെ ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ആക്രമണമുണ്ടായത്. ജീപ്പിനകത്തെ സീറ്റിലും മറ്റും കല്ലുകൾ കയറ്റി വെച്ചു. മുൻവശത്ത് ഒരു ചൂൽ തൂക്കിയിടുകയും അകത്ത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ഹെൽമറ്റുകൾ എടുത്തു കൊണ്ടുപോയി ഓഫിസന് വളപ്പിന് പുറത്ത് തൂക്കിയിടുകയും ചെയ്തു.
തൊട്ടടുത്തു പാർക്കു ചെയ്ത സ്കൂട്ടറിന്റെയും ബൈക്കിന്റെയും സീറ്റുകൾക്കു മേലെ കല്ലുകൾ കയറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഓഫിസ് വളപ്പിനകത്ത് പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ നിന്നാണ് പെട്രോൾ ഊറ്റിയെടുത്തത്. പുറത്ത് തുടർച്ചയായി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പ്രതി ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈയിടെയായി കുമ്പളയിലെ എക്സൈസ് ഉദ്യോഗസ്ഥർ വ്യാപകമായി പരിശോധന നടത്തുകയും മദ്യം, പുകയില ഉൽപന്നങ്ങൾ, കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം കുമ്പള കഞ്ചിക്കട്ടയിൽ ഒരു യുവാവിനെയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നുവത്രെ. ആ യുവാവാകാം അക്രമത്തിനു പിറകിലെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. കുമ്പള പൊലീസിൽ പരാതി നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.