മുജുംഗാവ് (കുമ്പള): യക്ഷഗാന കുലപതി പാർത്ഥിസുബ്ബന്റെ സ്മരണക്ക് 2010ൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച പാർത്ഥിസുബ്ബ യക്ഷഗാന കലാകേന്ദ്രം പൂർണമായും നാശത്തിന്റെ വക്കിൽ.
ഇത് തുളുനാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും യക്ഷഗാന കുലപതി പാർത്ഥിസുബ്ബനെയും സർക്കാർ അവഹേളിക്കുകയാണെന്ന ആക്ഷേപത്തിന് വഴിവെക്കുകയാണ്. കാടുമുടിയും ദ്രവിച്ചുമാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നശിച്ച് നോക്കുകുത്തിയാവുന്നത്. യക്ഷഗാന കലാകാരന്മാർ പരാതിയുമായി ചെന്നാൽ ഉദ്യോഗസ്ഥർ സന്ദർശനത്തിൽ ഒതുക്കുന്നുവെന്നാണ് ആക്ഷേപം.
തുളുനാടിന് വലിയ പ്രതീക്ഷ നൽകിയാണ് കലാകേന്ദ്ര നിർമാണത്തിന് തുടക്കം കുറിച്ചത്. ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും അവഗണന തുടരുകയാണ്. യക്ഷഗാന കലാരൂപത്തെ യുവതല മുറകൾക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രം, ഗവേഷണത്തിന് ഉപയോഗിക്കാവുന്ന ലൈബ്രറി, യക്ഷഗാന പരിപാടികൾക്കായുള്ള ഹാൾ എന്നിവയായിരുന്നു കലാകേന്ദ്രം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
കെട്ടിടത്തിന്റെ ഭിത്തികൾ കെട്ടി ഉയർത്തുകയും ഭാഗികമായി മേൽക്കൂര ഓടുമേയുകയും ചെയ്തിരുന്നു. ഇതിനിടയിൽ പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിന്നീട് പണി നിർത്തിവെക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
രാത്രിയായാൽ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കെട്ടിടത്തിനുള്ളിലും പുറത്തും മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിലാണ്. മദ്യലഹരിയിൽ കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞുപൊളിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് പാർത്ഥിസുബ്ബയോടും യക്ഷഗാനത്തോടും ചെയ്യുന്ന അനീതിയും അവഹേളനവുമാണെന്ന് യക്ഷഗാന കലാകാരന്മാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.