മഞ്ചേശ്വരം: പ്രവാസിയും പുത്തിഗെ മുഗു റോഡിലെ നസീമ മൻസിലിലെ താമസക്കാരനായ അബൂബക്കർ സിദ്ദീഖി (32) നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനി വിദേശത്തേക്ക് കടന്നതായി സൂചന. പൈവളിഗെ സ്വദേശി മുഹമ്മദ് റയീസാണ് (32) വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല നടന്നത്. പിറ്റേ ദിവസം ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാൾക്ക് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലെ മറ്റൊരാളെ ചൊവ്വാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ വെച്ചു പിടികൂടി. ഇയാളെ കേരള പൊലീസിന് കൈമാറും.
കൊലയുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു. നിലവിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിലാണ്. വിദേശത്തേക്ക് കടത്താൻ ഏൽപിച്ച ഡോളർ നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിദ്ദീഖ് കൊല്ലപ്പെടുന്നത്. ഉപ്പള സ്വദേശിയും മഞ്ചേശ്വരത്ത് താമസക്കാരനുമായ ട്രാവൽസ് ഉടമയുടെ 40 ലക്ഷം രൂപ വിലമതിക്കുന്ന ഡോളറാണ് നഷ്ടപ്പെട്ടത്. ഇത് തിരിച്ചു പിടിക്കാൻ ഇയാൾ പൈവളിഗെയിലെ അധോലോക സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോയി പൈവളിഗെയിൽ എത്തിച്ച സിദ്ദീഖിനെ ക്രൂരമായി മർദിച്ചു. തലക്കേറ്റ അടിയും നെഞ്ചിൽ ആഞ്ഞു ചവിട്ടിയതുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
മരണ വിവരമറിഞ്ഞു ക്വട്ടേഷൻ നൽകിയ ട്രാവത്സ് ഉടമയും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കാറുകൾ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളെ കണ്ടെത്താൻ കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി യു. പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ 14 അംഗ അന്വേഷണ സംഘത്തെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.