മഞ്ചേശ്വരം: കോവിഡ് വ്യാപനത്തിെൻറ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർണാടക സർക്കാർ മയപ്പെടുത്തിത്തുടങ്ങി. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ഇതില്ലാതെ എത്തുന്ന ആരെയും കടത്തിവിടാൻ അധികൃതർ തയാറായിരുന്നില്ല. രണ്ട് ഡോസ് വാക്സിൻ എടുത്തവരെപോലും പരിഗണിക്കാൻ കർണാടക സർക്കാർ തയാറായില്ല. രണ്ട് ഡോസ് എടുത്ത യാത്രക്കാരെ രാജ്യാന്തര യാത്രക്ക് അനുമതി നൽകുന്ന നയം സ്വീകരിച്ചപ്പോഴും കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക അയിത്തം തുടരുകയായിരുന്നു.
ഇതിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും തുടർന്നെങ്കിലും നിലപാടിൽ മാറ്റം വരുത്താൻ കർണാടക തയാറായതുമില്ല. തുടർന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം കെ.ആർ. ജയാനന്ദൻ കേരള ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഈ കേസിൽ കക്ഷിചേരുകയും ചെയ്തു. എന്നാൽ, തങ്ങളുടെ അധികാര പരിധിക്ക് പുറത്താണെന്ന കർണാടകയുടെ വാദം പരിഗണിച്ച് കേസ് ഒത്തു തീർപ്പാക്കുകയാണ് ഹൈകോടതി ചെയ്തത്. രോഗികൾക്ക് ആംബുലൻസ് ഇല്ലാതെ സ്വകാര്യ വാഹനത്തിൽ എത്തുന്നെങ്കിൽ കടത്തിവിടാനുള്ള അനുമതി മാത്രമാണ് കേസിൽ ആകെ ലഭിച്ച നേട്ടം.നെഗറ്റിവ് സർട്ടിഫിക്കറ്റിെൻറ കാലാവധി 48 മണിക്കൂർ എന്നത് ഏഴുദിവസം എന്ന ഇളവ് കർണാടക ഇടക്ക് അനുവദിച്ചുകൊടുക്കുകയും ചെയ്തു.
വിദ്യാർഥികൾക്കും കച്ചവടം, സ്ഥിര യാത്രക്കാർ തുടങ്ങിയവർക്കും പ്രത്യേക ഇളവ് അനുവദിക്കാൻ അധികൃതർ തയാറായില്ല. ഇതിനെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് നിലവിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്തു.ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി തലപ്പാടി ദേശീയപാത വഴിയുള്ള യാത്രക്കാരെ പരിശോധിക്കുന്നതിൽനിന്നും ജില്ല ഭരണകൂടം അയഞ്ഞുതുടങ്ങിയിട്ടുണ്ട്. കർശന പരിശോധന വേണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിർദേശം.
എന്നാൽ, പരിശോധന വേണ്ടെന്നോ നിയന്ത്രണം ഒഴിവാക്കാനോ ഔദ്യോഗികമായി അറിയിപ്പ് പൊലീസിന് കൊടുത്തിട്ടില്ല. ദേശീയപാത വഴിയുള്ള കേരളത്തിൽ നിന്നുള്ള യാത്രക്കാർ നാല് ദിവസമായി പരിശോധന കൂടാതെ കർണാടകയിലേക്ക് യാത്ര പോകുന്നുണ്ട്. പരിശോധന പേരിനുമാത്രമാക്കി ചുരുക്കിയിട്ടുണ്ട്. അതേസമയം, മഞ്ചേശ്വരം താലൂക്കിലെ പ്രദേശങ്ങളിൽ നിന്നും കർണാടകയിലേക്ക് കടക്കാനുള്ള മറ്റു 17 റോഡ് വഴികളിൽക്കൂടി മൂന്നാഴ്ച മുമ്പേ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.