മഞ്ചേശ്വരം: അഞ്ചുവർഷം മുമ്പേ 'മരിച്ച'യാളോട് വോട്ടഭ്യർഥിച്ച് യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം. അഷ്റഫ്. വോർക്കാടി പഞ്ചായത്തിലെ അഹമ്മദ് കുഞ്ഞിയോടാണ് വോട്ടഭ്യർഥിച്ചത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർഥി പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിൽ വ്യാപക തോതിൽ കള്ളവോട്ട് നടന്നുവെന്നും മരിച്ചവരും പ്രവാസത്തിൽ ഇരിക്കുന്നവരും വരെ വോട്ട് രേഖപ്പെടുത്തി എന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജിക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മരിച്ചവർ എന്ന പട്ടികയിലെ പലരും ജീവിച്ചിരിക്കുന്നവരായിരുന്നു. വോർക്കാടി പഞ്ചായത്തിലെ അഹമ്മദ് കുഞ്ഞിയെന്ന 78കാരനും ഇത്തരത്തിൽ കള്ളവോട്ട് ആരോപണത്തിന്റെ പേരിൽ കോടതിവരാന്ത കയറിയിറങ്ങേണ്ടിവന്നു.
'ഞാൻ മരിച്ചിട്ടില്ല, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്' എന്ന് കോടതിയിൽ നേരിട്ട് പോയി തെളിയിക്കേണ്ടിവന്ന അഹമ്മദ് കുഞ്ഞിയുടെ അവസ്ഥ മാധ്യമങ്ങളിൽ നിരന്തരം വാർത്തയായിരുന്നു. പിന്നീട്, അബ്ദുൽ റസാഖ് മരിച്ചതോടെയാണ് സുരേന്ദ്രൻ കേസ് പിൻവലിച്ചത്. അഹമ്മദ് കുഞ്ഞിയോട് വീട്ടിലെത്തി വോട്ടഭ്യർഥിക്കുകയും ആയുസ്സിനുവേണ്ടി പ്രാർഥിക്കുകയും ചെയ്ത ശേഷമാണ് സ്ഥാനാർഥി തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.