മഞ്ചേശ്വരം: ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം വന്നതോടെ മംഗൽപാടി പഞ്ചായത്തിൽ ഭരണസ്തംഭനം. ഇതോടെ ദിവസവും പഞ്ചായത്ത് ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾ ആവശ്യങ്ങൾ സാധിക്കാതെ മടങ്ങുകയാണ്.
മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ഭരണസമിതിയിൽ ഉടലെടുത്ത അഴിമതി ആരോപണത്തെ തുടർന്ന് പ്രസിഡന്റും പാർട്ടിയും രണ്ട് തട്ടിലായതോടെയാണ് ഭരണസ്തംഭനത്തിന് തുടക്കമായത്. രാജിവെക്കാൻ പാർട്ടി നിർദേശം നൽകിയെങ്കിലും ഇതിന് തയാറാവാതെ പ്രസിഡന്റ് അവധിയിൽ പ്രവേശിക്കുകയായിരുന്നു.
ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പാർലമെന്ററി നേതാവിനെ മുസ്‍ലിം ലീഗ് നേതൃത്വം നിർദേശം നൽകുകയും ചെയ്തു. ഇതോടെ ഭരണസമിതി യോഗം ചേരുന്നത് അനിശ്ചിതമായി നീണ്ടു പോയി.
മാസങ്ങൾ കഴിഞ്ഞാണ് കഴിഞ്ഞ ആഴ്ച യോഗം ചേരാൻ നിർബന്ധിതരായത്. എന്നാൽ, ഈ യോഗത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചില്ല.
പിന്നാലെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് കൂടി വന്നതോടെ പഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥർക്കെല്ലാം കൂട്ട സ്ഥലംമാറ്റമാണ് ലഭിച്ചത്. ഇതോടെ ഭരണം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയിലാണ്. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, പ്ലാനിങ് ക്ലർക്ക്, അസി.എൻജിനീയർ, ഓവർസിയർ തുടങ്ങിയവരെല്ലാം സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ടിട്ടുണ്ട്.
പലരും മറ്റിടങ്ങളിൽ ജോലിയിൽ കയറുകയും ചെയ്തു. പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥർ സ്ഥലംമാറ്റം കിട്ടി മാറിയതോടെ വിവിധ പദ്ധതികൾ മുടങ്ങുന്ന നിലയിലാണ്.
സ്ഥലംമാറ്റം വന്ന ഉദ്യോഗസ്ഥർക്ക് പകരം നിയമനം നൽകാത്തതും ഇരുട്ടടിയായി. പുതിയ നിയമനം വന്ന ശേഷം മാത്രമേ പദ്ധതികൾക്ക് ആരംഭം കുറിക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.