മഞ്ചേശ്വരം: ജില്ലയുടെ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിെൻറ ആരോഗ്യമേഖലക്ക് പുതിയ ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം തയാറായി. ആരോഗ്യസേവനങ്ങള്‍ക്കായി മംഗളൂരു, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം ഈ മാസം 22ന് നാടിന് സമര്‍പ്പിക്കും.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിലുള്ള സ്വപ്ന പദ്ധതി മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലാണ് പ്രവര്‍ത്തന സജ്ജമായത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ ചികിത്സക്ക് മംഗളൂരുവിനെ ആശ്രയിച്ചിരുന്ന മഞ്ചേശ്വരത്തെയും മറ്റു ഭാഗങ്ങളിലെയും ജനങ്ങള്‍ വളരെയധികം പ്രയാസമാണ് നേരിട്ടത്.
ചികിത്സ നിഷേധം കാരണം ഒരുപാട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവും എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയും ബ്ലോക്ക് പഞ്ചായത്തും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ച് പദ്ധതി വേഗത്തില്‍ യാഥാർഥ്യമാക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്‌റഫ് പറഞ്ഞു.
അന്തരിച്ച എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിെൻറ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി.
വൈദ്യുതീകരണം, ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപയോളം ചെലവഴിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആര്‍.ഒ പ്ലാൻറ്, ഡയാലിസിസ് സെൻററിലെ ഇരിപ്പിട സൗകര്യം എന്നിവ തയാറാക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്‍, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയാണ് ഒരുക്കിയത്. ബി.പി.എല്‍ വിഭാഗം, എസ്.സി, എസ്.ടി തുടങ്ങിയ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
ബ്ലോക്ക് പരിധിയില്‍ നിലവില്‍ 150ഓളം വൃക്കരോഗികളാണ് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം കാസര്‍കോട്, മംഗളൂരു ഭാഗത്തുള്ള സ്വകാര്യ ആശുപത്രികളില്‍ യാത്രക്ലേശം സഹിച്ച് ഡയാലിസിസിനായി പോവുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ആദ്യഘട്ടത്തില്‍ 90 പേര്‍ക്ക് മൂന്ന് ഷിഫ്റ്റുകളിലായി സേവനം ലഭിക്കും.
എല്ലാ രോഗികള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ 250 രൂപയാണ് ഡയാലിസിസിന് ഈടാക്കുക. ബ്ലോക്ക് പഞ്ചാത്ത് ഭരണ സമിതിയുടെ കഴിഞ്ഞ രണ്ടു വര്‍ഷമായുള്ള പരിശ്രമത്തിെൻറ പരിസമാപ്തി കൂടിയാണ് ഈ ഡയാലിസിസ് സെൻററെന്ന് എ.കെ.എം അഷ്‌റഫ് പറഞ്ഞു. ചികിത്സ കൂടാതെ വൃക്ക രോഗികള്‍ക്കായി സമാശ്വാസപ്രവര്‍ത്തനങ്ങളും വൃക്ക രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരണവും ഡയാലിസിസ് കേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടത്തിപ്പിന് മഞ്ചേശ്വരം ചാരിറ്റബ്ള്‍ സൊസൈറ്റി ഡയാലിസിസ് സെൻറര്‍ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയമാവലിയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനായി മഞ്ചേശ്വരം ചാരിറ്റബ്ള്‍ സൊസൈറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എച്ച്.എം.സി പ്രതിനിധികള്‍ തുടങ്ങി 250 അംഗങ്ങളുള്ള ഈ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സെൻറര്‍ പ്രവര്‍ത്തിക്കുക.
മുന്‍ എം.എല്‍.എയുടെ സ്മരണക്കായി പി.ബി. അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഡയാലിസിസ് സെൻറര്‍ എന്ന പേരിലായിരിക്കും ഈ കേന്ദ്രം അറിയപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.