കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ഞൂറോളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന റിപ്പോർട്ടുകളെ തുടർന്ന് മണ്ഡലത്തിൽ എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫോൺ ചലഞ്ച് തുടങ്ങി.
ഉപ്പള മുളിഞ്ച സ്കൂളിലെ ബി.ആർ.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് മെംബർമാർ, ഡി.ഇ.ഒ ഉൾെപ്പടെയുള്ളവരും പങ്കെടുത്ത യോഗത്തിലാണ് പ്രഖ്യാപനം. ഒാൺലൈൻ പഠനസൗകര്യമില്ലാത്തവരെ അതത് പഞ്ചായത്തുകൾ കണ്ടെത്തണം. എം.എൽ.എയുടെ ഓണറേറിയം വീതിച്ച് എട്ട് പഞ്ചായത്തിലെയും ഫോൺ ചലഞ്ചിന് സഹായം നൽകും.
വൈദ്യുതിയില്ലാത്ത പത്തോളം വീടുകളിൽ കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും നെറ്റ്വർക്ക് ഇല്ലാത്ത മേഖലകളിൽ അത് ലഭ്യമാക്കാൻ സേവനദാതാക്കളുമായി ആശയവിനിമയം നടത്താനും തീരുമാനിച്ചു. കെ.എസ്.എഫ്.ഇയുടെ ലാപ്ടോപ്പ് സ്കീം പ്രോത്സാഹിപ്പിക്കാനുള്ള നിർദേശവും നടപ്പാക്കും.
മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ അനുവദിച്ച 149 ടെലിവിഷനുകളും പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ടെലിവിഷൻ ലഭിച്ചിട്ടും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കാത്ത അംഗൻവാടികളുടെ കണക്കെടുപ്പ് നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.