പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ്: ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു

മഞ്ചേശ്വരം: പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജില്ല കമ്മിറ്റി നിർദേശം ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരാൻ നിർദേശം നൽകിയ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണത്തെ തുടർന്ന് പ്രസിഡന്റിനോട് രാജി വെക്കാൻ പഞ്ചായത്ത് കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, രാജിവെക്കാൻ തയാറാവാതെ പ്രസിഡന്റ് പ്രസവ അവധിയിൽ പ്രവേശിക്കുകയായിരുന്നു.

അവധി കഴിഞ്ഞിട്ടും രാജിവെക്കാൻ തയാറാവാത്തതിനെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി വീണ്ടും രാജി നിർദേശം മുന്നോട്ടുവെച്ചെങ്കിലും അവധി രണ്ട് മാസം കൂടി നീട്ടി. ഇതിനിടയിൽ ജില്ല കമ്മിറ്റി ഇടപെട്ട് പ്രശ്നപരിഹാരത്തിന് വീണ്ടും മൂന്ന് മാസത്തെ സാവകാശം നിർദേശിച്ചെങ്കിലും പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞ ദിവസം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുകയായിരുന്നു.

ജില്ല കമ്മിറ്റി നിർദേശം മറികടന്ന് അവിശ്വാസ നോട്ടീസ് നൽകിയ പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിടുകയും പകരം അഡ്‌ഹോക്ക് കമ്മിറ്റി സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ, പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി മുന്നോട്ടു പോകാനാണ് പഞ്ചായത്ത് നേതാക്കളുടെ തീരുമാനം. മുഴുവൻ പഞ്ചായത്ത് അംഗങ്ങളുടെയും പിന്തുണ നേതാക്കൾ ഉറപ്പാക്കിയ ശേഷമുള്ള ഈ നീക്കം ഫലപ്രാപ്തിയിൽ എത്തിയാൽ മംഗൽപാടി മുസ്‍ലിം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമാകും.

Tags:    
News Summary - notice against panchayat president-League panchayat committee dissolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.