മഞ്ചേശ്വരം: പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ(32) തട്ടിക്കൊണ്ടു പോയി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പൈവളിഗെയിലെ സംഘത്തെ പിടികൂടാൻ മൂന്ന് സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിച്ചു. കൊലക്ക് ശേഷം പ്രതികൾ ആദ്യം കടന്നത് കർണാടകയിലേക്കാണ്. പ്രതികളുടെ കൂട്ടാളിയും ബാളിഗെ അസീസ് വധക്കേസിൽ കൂട്ടു പ്രതിയുമായ മടിക്കേരി സ്വദേശിയുടെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികൾ ആദ്യം കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെനിന്ന് വേർപിരിഞ്ഞ സംഘം ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് കടന്നതായാണ് സൂചന. വിദേശത്ത് ശക്തമായ വേരുകളുള്ള ഈ സംഘം കുറ്റകൃത്യം നടന്നാൽ വിദേശത്തേക്ക് കടക്കുകയാണ് പതിവ്. മുഖ്യ പ്രതിയായ ഒരാൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റുള്ളവർ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കേരള പൊലീസ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒരാളെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ചു പിടികൂടി. വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ചു കിട്ടാനായി റെഡ് കോർണർ നോട്ടീസ് ഇറക്കും. അതിനിടെ, യുവാവിനെ കെട്ടിയിട്ട് മർദിച്ച പൈവളിഗെയിലെ വീട് ബുധനാഴ്ച ഫോറൻസിക് വിഭാഗം പരിശോധന നടത്തി. രക്തക്കറയും മറ്റു തെളിവുകളും ഫോറൻസിക് വിഭാഗം ശേഖരിച്ചു.
കുമ്പള: അബൂബക്കർ സിദ്ദീഖിന്റെ സുഹൃത്ത് അൻസാരിയെ (31) ചികിത്സക്ക് കുമ്പളയിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ക്വട്ടേഷൻ സംഘം പിടിച്ചുകൊണ്ടുപോയി ബന്ദിയാക്കി വെച്ചിരുന്ന അൻസാരിയെയും കൊല്ലപ്പെട്ട സിദ്ദീഖിന്റെ ജ്യേഷ്ഠൻ അൻവറിനെയും ഞായറാഴ്ച രാത്രിയാണ് സംഘം പൈവളിഗെ ഓട്ടോ സ്റ്റാൻഡിൽ അവശനിലയിൽ ഇറക്കിവിട്ടത്. തുടർന്ന് ഇരുവരും ഓട്ടോയിൽ കയറി ആരിക്കാടിയിലേക്ക് വരുകയും അവിടേക്ക് ബന്ധുക്കളെ വിളിച്ചുവരുത്തി കാറിൽ മംഗളൂരുവിലെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ അൻസാരിക്ക് ശരിയാംവിധം ഇരിക്കാനോ കാലുകൾ നിലത്ത് കുത്താനോ സാധിക്കാത്ത അവസ്ഥയാണ്. ഭീമമായ ചികിത്സച്ചെലവ് താങ്ങാനാവാത്തതിനാലാണ് മംഗളൂരുവിൽനിന്ന് കുമ്പളയിലെ ആശുപത്രിയിലേക്ക് ചികിത്സ മാറ്റിയതെന്ന് അൻസാരി പറഞ്ഞു.
പ്രശ്നങ്ങൾ പറഞ്ഞുതീർത്താൽ എന്നെയും അൻവറിനെയും മോചിപ്പിക്കാമെന്ന് ധരിപ്പിച്ച് അബൂബക്കർ സിദ്ദീഖിനെ ക്വട്ടേഷൻ സംഘം ഗൾഫിൽനിന്ന് വരുത്തുകയായിരുന്നുവത്രെ. വീട്ടിലെത്തി ഭക്ഷണംപോലും കഴിക്കാതെയാണ് സിദ്ദീഖ് സഹോദരനെയും തന്നെയും മോചിപ്പിക്കാൻ പൈവളിഗെയിൽ ഓടിയെത്തിയതെന്നും അവിടെ നിന്നും സിദ്ദീഖിനെ പൈവളിഗെ ബായാർ റോഡിൽനിന്ന് അൽപം മാറി ഒരു ഇരുനില വീട്ടിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും അൻസാരി പറഞ്ഞു.
ഉപ്പളയിൽ ട്രാവൽ ഏജൻസി നടത്തുന്ന റസാഖ്, റിയാസ് എന്നിവരുമായി അബൂബക്കർ സിദ്ദീഖ് നടത്തിയ എന്തോ പണമിടപാടുമായി ബന്ധപ്പെട്ടാണ് കൊലപ്പെടുത്താൻ പൈവളിഗെയിലെ ഗുണ്ടാടീമിനെ ഏൽപിച്ചത്. ഗൾഫിലായിരുന്ന സിദ്ദീഖിനെ നാട്ടിലെത്തിക്കാനാണ് സംഘം സിദ്ദീഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.