മഞ്ചേശ്വരം: ഉപ്പളയിൽ പുതുതായി ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപം സ്വീകരിക്കുകയാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി മുനീർ, ഭാര്യ റസീന എന്നിവർക്കെതിരെയാണ് കേസ്. മലപ്പുറം ഓഴൂർ സ്വദേശിനി സുലൈഖ ബാനു, ഉപ്പള മൂസോടി സ്വദേശിനി റംസീന എന്നിവർ മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസ്. ഒരു വർഷം മുമ്പാണ് സുലൈഖയിൽനിന്ന് നിക്ഷേപമായി എട്ട് ലക്ഷം രൂപയും റംസീനയിൽനിന്ന് 30 ലക്ഷവും ദമ്പതികൾ തട്ടിയെടുത്തത്.
പണം നൽകുമ്പോൾ സമാനതുകക്ക് റസീനയുടെ ചെക്കും നൽകിയിരുന്നു. ഇങ്ങനെ നിരവധി പേരിൽ നിന്നായി ഒരു കോടിയോളം രൂപയാണ് വ്യാജകഥകൾ മെനഞ്ഞ് ദമ്പതികൾ തട്ടിയെടുത്തത്. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് നിരവധി തവണ ദമ്പതികളുടെ വീട്ടിൽ എത്തിയെങ്കിലും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് റസീനയുടെ പതിവ് രീതിയെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു. ഒരു തവണ പരസ്യമായി ആത്മഹത്യ ശ്രമം നടത്തി നിക്ഷേപകരെ ഭീഷണിപ്പെടുത്തി.
മൂസോടിയിലെ പൗരപ്രമുഖെൻറ വീട്ടിൽ മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ റസീനയും ഭർത്താവും രണ്ടു തട്ടിലായി. രംഗം വഷളായതോടെ മധ്യസ്ഥശ്രമം നടത്തിയ വീട്ടുപരിസരത്ത് മഞ്ചേശ്വരം പൊലീസ് എത്തി ചർച്ച അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
38 ലക്ഷം രൂപയുടെ രണ്ട് പരാതികളാണ് നിലവിൽ മഞ്ചേശ്വരം പൊലീസിൽ റസീനക്കും ഭർത്താവിനുമെതിരെ ഫയൽ ചെയ്തിരിക്കുന്നത്. നിരവധി പേർ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ടു വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.