നീലേശ്വരം: മന്നവൻപുറത്ത് കാവിൽ കലശോത്സവം കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞിട്ടും പരിസരത്തെ മാലിന്യം നീക്കാതെ നഗരസഭ. ഉത്സവത്തിന്റെ ഭാഗമായി നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളാണ് താൽക്കാലികമായി തുടങ്ങിയത്.
ഇവർ കച്ചവടം ഒഴിഞ്ഞുപോയപ്പോൾ ബാക്കിയായത് മാലിന്യക്കൂമ്പാരം. ദിവസവും നൂറുകണക്കിന് ആളുകൾ നടന്നുപോകുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡരികിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് നാറാൻ തുടങ്ങി. ലക്ഷങ്ങൾ ചെലവഴിച്ചാണ് റെയിൽവേ സ്റ്റേഷൻ റോഡും സമീപസ്ഥലങ്ങളും ഇന്റർലോക്ക് ചെയ്ത് റോട്ടറി ക്ലബ് മനോഹരമാക്കിയത്.
ഇവിടെയാണ് കലശോത്സവത്തിന് എത്തിയ കച്ചവടക്കാർ ഉപേക്ഷിച്ച മാലിന്യം നഗരസഭ നീക്കംചെയ്യാതെ കിടക്കുന്നത്.
നഗരസഭ ഹരിത പ്രോട്ടോക്കോൾ പാലിച്ച് ഉത്സവസ്ഥലം മാലിന്യമുക്തമാക്കാൻ ഓലക്കൂട്ടകൾ വെച്ചെങ്കിലും വിജയിച്ചില്ല.
മാലിന്യമുക്ത അവാർഡ് ലഭിച്ച നഗരസഭ അധികൃതർ റെയിൽവേ മേൽപാലത്തിന് സമീപത്തുള്ള മാലിന്യം നീക്കാൻ തയാറാകുന്നില്ല എന്നാണ് ആരോപണം. പകർച്ചവ്യാധികൾ പടരാതിരിക്കാൻ നഗരസഭ അധിക്യതർ മാലിന്യം നീക്കംചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.