നീലേശ്വരം: മടിക്കൈ പഞ്ചായത്ത് വാർഡിൽ പട്ടികവർഗ കുടുംബം കഴിയുന്നത് അതിദയനീയ സ്ഥിതിയിൽ.വായ്പ തിരിച്ചടവിന്റെ കലഷൻ ഏജന്റ് പണവുമായി മുങ്ങിയതിനാൽ ഉണ്ടായിരുന്ന 15 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തതോടെയാണ് കുടുംബം വഴിയാധാരമായത്.
മടിക്കൈ പഞ്ചാത്ത് പ്രസിഡന്റിന്റെ പതിമൂന്നാം വാർഡിലെ മാവിലത്ത് പുളിക്കാലിൽ പട്ടികവർഗ കുടുംബത്തിൽപെട്ട സി.കെ. സിന്ധുവിന്റെ കുടുംബമാണ് കിടപ്പാടം നഷ്ടപ്പെട്ട് ഓലഷെഡിൽ തറയിൽ കഴിയുന്നത്.
രോഗബാധിതരും വയോധികരുമായ അച്ചൻ മാവിലത്ത് കണ്ണൻ, അമ്മ വെള്ളച്ചി, പ്രായപൂർത്തിയായ മകൾ ധന്യ, മകൻ സിനീഷ് എന്നിവർ അന്തിയുറങ്ങുന്നതുകണ്ടാൽ ഏതൊരാളുടെയും മനസ്സിന് വിങ്ങലുണ്ടാക്കുന്ന കാഴ്ചയാണ്. ഓലഷെഡിൽ തറ മുഴുവൻ പൂഴിയാണ്. ഈ പൂഴിയിൽ പായ വിരിച്ചാണ് അഞ്ചംഗ കുടുംബം അന്തിയുറങ്ങുന്നത്. രോഗബാധിതരായ കണ്ണന് ചൂടും തണുപ്പും സഹിക്കാൻ പറ്റാത്തതുമൂലം രോഗം മൂർച്ഛിക്കുകയാണ്.
ജപ്തി ചെയ്യുമ്പോൾ വീട്ടിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ ഇവർക്ക് എടുത്തുമാറ്റാൻ കഴിഞ്ഞിരുന്നില്ല. വാതിലിന് പുതിയ പൂട്ടിട്ട് മരത്തിന്റെ റീപ്പ് അടിച്ചനിലയിലാണ്.
വീടുണ്ടായിരുന്ന സമയത്ത് വസ്ത്രങ്ങൾ സൂക്ഷിക്കാൻ നിർമിച്ച ചെറിയ ഓലഷെഡ് ഉണ്ടായിരുന്നതുകൊണ്ട് ഇവർക്കിപ്പോൾ അന്തിയുറങ്ങാൻ കഴിയുന്നു. കുടുംബത്തിന്റെ പരാതിയിൽ കലക്ടറും പൊലീസ് മേധാവിയും ഇടപെട്ട് ഒരു പ്രശ്നപരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.