നീലേശ്വരം: ജില്ലയിൽ കാറ്റും മഴയും ശക്തമായതോടെ നാശനഷ്ടങ്ങൾ ഏറി.കരിന്തളം മുതുകുറ്റിയിൽ വൻ നാശനഷ്ടം. മുതുകുറ്റിയിലെ സമദിന്റെ 15 റബർ മരങ്ങളും ഫിലിപ്പിന്റെ അഞ്ച് റബർ മരങ്ങളും ആണ്ടിയുടെ തെങ്ങും പ്ലാവും നശിച്ചു. കൂടാതെ കാറ്റിൽ വൈദ്യുത കമ്പികൾ പൊട്ടിവീണു. കാലിച്ചാമരം പരപ്പ റോഡിലെ മീർ കാനത്ത് മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചയാണ് മരം കടപുഴകി വീണത്. നാട്ടുകാർ മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി. എം.വി. രതീഷ്, കെ.പി. ശിവരാജ്, കെ.പി. വൈശാഖ്, കെ. അഭിനന്ദ്, കെ. മഹേഷ്, എം. അശ്വിൻ, ടി.ആർ. സതീഷ്, കെ. കൃഷ്ണൻ, പി.എ. സുരേന്ദ്രൻ, സജി എന്നിവർ നേതൃത്വം നൽകി.
ചൊവ്വാഴ്ച പുലർച്ചെ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും കരിന്തളത്തും നാശനഷ്ടങ്ങളുണ്ടായി. രണ്ട് വീടുകൾക്ക് മുകളിൽ മരം പൊട്ടിവീണു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വരയിൽ താമസിക്കുന്ന രാജീവന്റെയും ലക്ഷ്മിയുടെയും വീടിനുമുകളിലാണ് മരം പൊട്ടി വീണത് രാജീവന്റെയും വീടിന് മുമ്പിലുള്ള റോഡിന് എതിർവശത്തുള്ള മരം കടപുഴകി റോഡിന് കുറുകെയുള്ള വീടിന്റെ മുകൾഭാഗത്ത് പതിക്കുകയായിരുന്നു. ലക്ഷ്മിയുടെ വീടിന് തൊട്ടടുത്ത പറമ്പിലെ മരത്തിന്റെ വലിയ കൊമ്പ് വീടിന്റെ അടുക്കളയുടെ മുകളിൽ വീണു. അടുക്കളയുടെ ഷീറ്റ് തകർന്നു.
പാലിലൊട്ടിയിലെ കെ.പി. നളിനി, അപ്പു കരിയാപ്പിൽ, കെ.പി. ആണ്ടി, പെരിയങ്ങാനം, മോഹനൻ കരിന്തളം, മുതുകുറ്റിയിലെ ബാബു ഫിലിപ്പ് എന്നിവരുടെ പറമ്പിലെ റബർ, കവുങ്ങ്, തെങ്ങ്, തേക്ക് എന്നിവ വ്യാപകമായി നശിച്ചു.ഈ പ്രദേശങ്ങളിലെ വൈദ്യുതി ലൈനിന്റെ മുകളിൽ മരം പൊട്ടി വീണതിനാൽ പ്രദേശം ഇരുട്ടിലായി. കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയത് ശേഷമാണ് രാജിവന്റെയും ലക്ഷ്മിയുടെയും വീടിന് മുകളിലുള്ള മരം മുറിച്ചുമാറ്റിയത്. അപകടം നടന്ന വിവിധ സ്ഥലങ്ങൾ കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു.
ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രി വളപ്പിലെ തേക്കുമരം കടപുഴകി വീണു. ഫിസിയോ തെറാപ്പി കേന്ദ്രത്തിന് മുകളിലാണ് മരം കടപുഴകി വീണത്. കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. കൊയാമ്പുറം കൊടിക്കൈ വീട്ടിൽ പൊട്ടൻ ദേവസ്ഥാനത്തിന്റെ മേൽക്കൂരക്ക് മുകളിൽ തെങ്ങ് കടപുഴി വീണു. കിനാനൂർ - കരിന്തളം പഞ്ചായത്തിലെ വരയിൽ കെ.വി. ലക്ഷ്മിയുടെ വീടിന്റെ മേൽകൂര കാറ്റിലും മഴയിലും തകർന്നു.
മൊഗ്രാൽ: കാലവർഷം കൂടുതൽ ശക്തി പ്രാപിച്ചതോടെ കുമ്പള തീരത്ത് കടൽക്ഷോഭവും രൂക്ഷമായി. കടൽ ഭിത്തികളൊക്കെ കടലെടുത്ത് കൊണ്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികൾ ആശങ്കയിലായി. കുമ്പള കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ഇവിടെ ചില വീടുകൾക്കും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. മൊഗ്രാൽ നാങ്കി കടപ്പുറത്തെ സ്വകാര്യ റിസോർട്ട് കഴിഞ്ഞ ദിവസം കടലാക്രമണത്തിൽ തകർന്നിരുന്നു.
മറ്റൊരു റിസോർട്ട് കൂടി കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ റിസോർട്ടിന്റെ ഒരുഭാഗത്തെ മതിലുകൾ ഇതിനകം കടലെടുത്തു കഴിഞ്ഞു. അതിനിടെ കടലോര നിവാസികളുടെ ഉപജീവനമാർഗവും അടയുന്ന കാഴ്ചയാണ് കാണുന്നത്. കടൽക്ഷോഭവും ട്രോളിങ് നിരോധനവും കൊണ്ട് മത്സ്യത്തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോഴാണ് തെങ്ങുകളും കടലെടുക്കുന്നത്. 200 മീറ്ററിലേറെ കടൽ കരയെ വിഴുങ്ങിയപ്പോൾ പെർവാഡും നാങ്കിയിലുമായി ഇതിനകം 25 ഓളം തെങ്ങുകളാണ് കടപുഴകി കടലിൽ വീണത്. അത്രതന്നെ തെങ്ങുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലുമാണ് ഇപ്പോഴുള്ളത്.
ചെറുവത്തൂർ: കാലിക്കടവ് വെള്ളത്തിൽ തൃക്കരിപ്പൂർ ഭാഗത്തേക്കുളള ബസുകൾ നിർത്തിയിടുന്നിടത്താണ് വെള്ളക്കെട്ടുള്ളത്. മഴ തോർന്നാലും ഒഴുകിപ്പോകാത്ത വിധം ചെളി വെള്ളമാണ് കെട്ടിനിൽക്കുന്നത്. ഈ വെള്ളത്തിൽ നിന്നുവേണം ബസുകളിൽ കയറിപ്പറ്റാൻ. വിദ്യാർഥികളടക്കം നിരവധി ആളുകൾ ഇതുമൂലം കഷ്ടപ്പെടുന്നുണ്ട്. കാനറ ബാങ്ക്, പിലിക്കോട് കോഓപറേറ്റിവ് അഗ്രിക്കൾച്ചറൽ ബാങ്ക് എന്നിവിടങ്ങളിലേക്കുമുള്ള ആവശ്യക്കാർക്കും ഈ ചെളി വെള്ളം ചവിട്ടാതെ നിവൃത്തിയില്ല. പഞ്ചായത്ത് ഓഫിസിന് മുന്നിലായിട്ടും അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണിവിടം.
കാഞ്ഞങ്ങാട്: കനത്ത കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു. രണ്ടു ദിവസത്തിനിടെ 20 ഓളം ഇടങ്ങളിൽ മരം പൊട്ടിവീണു. നാശനഷ്ടവും ഗതാഗത സ്തംഭനവുമുണ്ടായി. കനത്ത മഴയിലും കാറ്റിലും പല സ്ഥലങ്ങളിലും വ്യാപകമായി മരങ്ങൾ പൊട്ടിവീണത് വൈദ്യുതി വിതരണവും താറുമാറാക്കി. കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടച്ചേരി രാംനഗർ റോഡിൽ കേരള ഗ്രാമീൺ ബാങ്കിനുമുന്നിലെ വൻമരം പൊട്ടിവീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അതിഞ്ഞാൽ തെക്കേ പുറത്തും റോഡിലേക്ക് മരം പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടായി. നാട്ടുകാരാണ് മരം മുറിച്ചു നീക്കിയത്. ഒടയഞ്ചാൽ ചെന്തളത്തും ഇരിയ മുട്ടിച്ചരലിലും റോഡിലേക്ക് മരം പൊട്ടിവീണു. പലസ്ഥലങ്ങളിലും വൈദ്യുതി കമ്പിക്ക് മുകളിലേക്കാണ് മരം വീണത്. നിരവധി സ്ഥലങ്ങളിലും വൈദ്യുതിയും മുടങ്ങി. പുതിയ കോട്ട ശിവക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരകൊമ്പ് പൊട്ടി എച്ച്.ടി വൈദ്യുത കമ്പിയിൽ തൂങ്ങി നിന്നു. അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മുറിച്ചു മാറ്റി.കിഴക്കും കരയിൽ കെട്ടിടത്തിനു മുകളിൽ പരസ്യ ബോർഡ് അപകടാവസ്ഥയിലുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രേഡ് എ.എസ്.ടി.ഒ, കെ.ടി. ചന്ദ്രൻ അഗ്നിരക്ഷാസേന ഓഫിസർ ഷിജു, ഡ്രൈവർ അർജുൻ കൃഷ്ണ എന്നിവർ സ്ഥലം സന്ദർശിച്ചു. കാഞ്ഞങ്ങാട് സൗത്തിൽ തെങ്ങുവീണ് കാർ തകർന്നു. പാണത്തൂർ, വെള്ളരിക്കുണ്ട്, മാലോം ഭാഗങ്ങളിൽ വ്യാപകമായി മരം പൊട്ടിവീണു. ഏതാനും വീടുകളും മരം വീണ് തകർന്നു.
നീലേശ്വരം: ഓടിക്കൊണ്ടിരുന്ന കാറിന് മേൽ മരം കടപുഴകി വീണു കുടുംബം രക്ഷപ്പെട്ടു. എ.കെ.പി.എ ജില്ല സെക്രട്ടറിയും ഇരിയ ദൃശ്യ സ്റ്റുഡിയോ ഉടമയുമായ ടി.വി സുഗുണനും കുടുംബവും സഞ്ചരിച്ച കാറിന്റെ മുകളിലാണ് മരം കടപുഴകി വീണത്. ഇരിയ മുട്ടിച്ചാൽ വളവിൽ ചൊവ്വാഴ്ച രാവിലെ 11.30നാണ് അപകടം നടന്നത്. പിതാവ് പി.വി. രാഘവനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ അശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. ശക്തമായ കാറ്റിൽ അടിയുലഞ്ഞ മരം കൺമുന്നിൽ പൊട്ടിവീഴുന്നത് കണ്ടനിമിഷം കാറിന്റെ വേഗത വർധിപ്പിച്ചച്ച് രക്ഷനേടുകയായിരുന്നു. മരത്തിന്റെ കൊമ്പുകൾക്കിടയിൽ കാർപ്പെടുകയും ചെയ്തു. കാറിന്റെ ഗ്ലാസ് തകർനിട്ടുണ്ട്. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നി രക്ഷ സേനയെത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിനു മുകളിൽ തെങ്ങു വീണു. കുറ്റിക്കോൽ ആലക്കാവിലെ എം.പി. കുഞ്ഞിക്കണ്ണന്റെ കാറാണ് തകർന്നത്. അസുഖത്തെ തുടർന്ന് വീട്ടിൽ കഴിയുന്ന ബന്ധു കണ്ണമ്പാത്തി അശോകനെ സന്ദർശിക്കാൻ എത്തിയതായിരുന്നു കുഞ്ഞിക്കണ്ണൻ.
നീലേശ്വരം: കിഴക്കൻ കൊഴുവൽ കിഴക്കുള്ളിലെ ആനിക്കീൽ പത്മാവതിയുടെ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. കിണറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ഇതുമൂലം കിണർ അപകടാവസ്ഥയിലായി. സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ ടി.വി. ഷീബ സ്ഥലം സന്ദർശിച്ചു. ഒരാഴ്ച മുമ്പാണ് ഇവരുടെ വീടിന് സമീപത്തെ അരമന കുഞ്ഞമ്മാർ അമ്മയുടെ വീട്ടുമുറ്റത്തെ കിണർ ആൾമറയോടെ പൂർണമായും താഴ്ന്നുപോയത്. ശക്തമായ മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു പോകുന്നത് നാട്ടുകാരിൽ ആശങ്ക പരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.