നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ശുചിമുറിയില്ല. ഇവർ അനുഭവിക്കുന്നത് ചെറിയ ദുരിതമൊന്നുമല്ല. പ്രത്യേകിച്ച് സ്ത്രീ യാത്രക്കാർ. താൽകാലിക ബസ് സ്റ്റാൻഡ് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് തുറന്നുകൊടുത്തത്. പുതിയ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുരോഗിമിക്കുകയാണ്. രണ്ടുവർഷമെങ്കിലും നിർമാണം പൂർത്തിയാക്കാൻ വേണ്ടിവരും. അത്രയും കാലം ദുരിതമനുഭവിക്കണോയെന്നാണ് യാത്രക്കാരുടെ ചോദ്യം.
മാർക്കറ്റ് ജങ്ഷനിൽ മീൻ വിൽപന നടത്തുന്ന 15 ഓളം സ്ത്രീകളും ഈ ദുരിതം അനുഭവിക്കുന്നു. രാജാ റോഡ് പെട്രോൾ പമ്പിന് എതിർവശം സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് താൽകാലിക സ്റ്റാൻഡായി ഉപയോഗിക്കുന്നത്. മലയോര മേഖലയിലെയും മറ്റ് ദൂരസ്ഥലങ്ങളിലെയും നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇവിടെ എത്തിചേരുന്നത്. ഇപ്പോൾ സ്റ്റാൻഡ് യാർഡ് മുഴുവൻ തകർന്ന് പാതാളക്കുഴികളായി. സമീപത്തെ വെള്ളക്കെട്ടിൽ പുല്ലുനിറഞ്ഞ് കൊതുകുവളർത്തു കേന്ദ്രമായി. സ്റ്റാൻഡിൽ എത്തുന്ന ബസുകൾ ഇപ്പോൾ റോഡരികിൽ യാത്രക്കാരെ ഇറക്കേണ്ട ഗതികേടിലാണ്. ഇതുമൂലം എപ്പോഴും ഇവിടെ ഗതാഗത കുരുക്കാണ്. യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.