നീലേശ്വരം: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പാദസ്പർശമേറ്റ നീലേശ്വരത്തിന്റെ മണ്ണിൽ ഓർമകളുടെ ഫ്രെയ്മിൽ ആ സന്ദേശം ഇന്നും നിധിപോലെ കാത്തു സൂക്ഷിക്കുന്നു. 97 വർഷം മുമ്പ് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് സ്വന്തം കൈപടയിൽ എഴുതി നൽകിയ വാക്കുകളാണ് ഇന്നും പ്രധാനാധ്യാപകന്റെ മുറിയിലെ ചുമരിലുള്ളത്.
1927 ഒക്ടോബർ 26ന് ഗാന്ധിജി ചെന്നൈ മെയിൽ എക്സ്പ്രസ് ട്രെയിനിൽ മംഗളരുവിലേക്കുള്ള യാത്രാ മധ്യേയാണ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. രാജാസ് ഹൈസ്കൂൾ കേന്ദ്രീകരിച്ച് സ്വാതന്ത്ര്യ സമരത്തിന് പിന്തുണയുമായി ശക്തമായ സമര പ്രവർത്തനങ്ങൾ നടക്കുന്നതായി ഗാന്ധിജി അറിഞ്ഞതിന്റെ ഭാഗമായാണ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. അന്ന് രാജാസ് ഹൈസ്കൂളിലെ വിദ്യാർഥികളും നീലേശ്വരം സ്വദേശിയും കവിയുമായ വിദ്വാൻ പി. കേളുനായരും സ്റ്റേഷനിൽ എത്തി ഗാന്ധിജിയെ സ്വീകരിച്ചു. ആ നിമിഷത്തിൽ ഒരു വിദ്യാർഥിയുടെ നോട്ടുബുക്കിൽ ഗാന്ധിജി മഷിപ്പേനയിൽ ഇംഗ്ലീഷിൽ സന്ദേശം എഴുതി നൽകി.
പ്രിയപ്പെട്ട നീലേശ്വരത്തെ പൗരാവലിക്ക് കുറച്ചു വാക്കുകൾ. ഞാൻ അഭിസംബോധന ചെയ്യുമ്പോൾ വിദ്യാർഥികളായ നിങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകേണ്ടതെന്നതിനെ കുറിച്ച് എനിക്ക് ഒരു കൃത്യതയില്ല. എന്നാൽ, നിങ്ങൾ വിദ്യാർഥികൾ ഖാദി പ്രചാരണത്തിലും നൂൽനൂൽപിലും മുഴുകണമെന്നായിരുന്നു ഗാന്ധിജി എഴുതിയ വാക്കുകൾ. ഇന്നും നീലേശ്വരത്തും പയ്യന്നൂരും തെരു വീടുകളിൽ കൈപ്പടയിൽ ഖാദി വസ്ത്രങ്ങൾ തയാറാക്കുന്നുണ്ട്. അന്ന് സൗത്ത് കാനറയുടെ ഭാഗമായിരുന്നു നീലേശ്വരം പ്രദേശം. മേലത്ത് നാരായണൻ നമ്പ്യാർ, എൻ.കെ. ബാലകൃഷ്ണൻ, എൻ.കെ. കുട്ടൻ തുടങ്ങിയവർ ഗാന്ധിജിയുടെ വാക്കുകളിൽ ആകൃഷ്ടരായി പിന്നീട് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.