നീലേശ്വരം: നഗരമധ്യത്തിൽ 42കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ റിമാൻഡിൽ. മണിക്കൂറുകൾക്കകമാണ് മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ്ചെയ്തത്. നീലേശ്വരം പാലത്തിന് കീഴിലെ കടയിൽനിന്ന് ചെരിപ്പ് വാങ്ങുകയായിരുന്ന കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫിയെയാണ് രണ്ടു കാറുകളിലായെത്തിയ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയത്.
ഈ സമയം ഇദ്ദേഹത്തിനൊപ്പം മാതാവും മരുമകളും ഡ്രൈവറുമുണ്ടായിരുന്നു. മരുമകൾ വി.കെ. റജീന ഉടൻ നീലേശ്വരം പൊലീസിൽ അറിയിച്ചു. ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെയും എസ്.ഐ ഇ.ജയചന്ദ്രെൻറയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപത്തെ ജ്വല്ലറിയിലെ ഉൾപ്പെടെ നിരീക്ഷണ കാമറ പരിശോധിച്ച് വണ്ടി നമ്പർ തിരിച്ചറിഞ്ഞു. വിവരം സമീപ സ്റ്റേഷനുകളിലേക്ക് ഉടൻ കൈമാറുകയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കുതിച്ച കാറിനെ പിന്തുടർന്ന് പിടികൂടുകയും ചെയ്തു.
മുഹമ്മദ് റാഫിയുടെ ഭാര്യാസഹോദരൻ കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂരിലെ ഒ.പി. ഷെരീഫാണ് (40) തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയത്. ഇയാളെ ഉൾപ്പെടെ അജാനൂർ കൊളവയൽ സ്വദേശികളായ എം.എച്ച്. മുഹമ്മദ് ഷാമിർ (33), സി.എച്ച്. മുഹമ്മദ് നബീൽ (26), തളിപ്പറമ്പ് നരിക്കോട് സ്വദേശി വി.എച്ച്. വിനോദ് കുമാർ (41), കോഴിക്കോട് ബേപ്പൂർ അരക്കിണറിലെ കെ.ഫസൽ (36), ബേപ്പൂരിലെ വി.പി. നസ്കർ അലി (38), ബേപ്പൂർ അരക്കില്ലത്തെ പി. റംഷീദ് (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
നബീലിനെതിരെ ഹോസ്ദുർഗ് സ്റ്റേഷനിൽ 13ഉം പഴയങ്ങാടിയിൽ രണ്ടും കേസുകളുണ്ട്. വർഷങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയാണ് മുഹമ്മദ് റാഫിയെന്ന് പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീശൻ, സിവിൽ പൊലീസ് ഓഫിസർമാരായ കലേഷ്, ഷിജു, കെ.എം. സുനിൽകുമാർ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പിടിയിലായത് പൊലീസിെൻറ സമയോചിത ഇടപെടലിൽ
നീലേശ്വരം: പട്ടാപ്പകൽ നീലേശ്വരം നഗരത്തെ മുൾമുനയിൽ നിർത്തിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണെൻറ മേൽനോട്ടത്തിൽ നീലേശ്വരം സ്റ്റേഷൽ ഹൗസ് ഓഫിസർ കെ.പി. ശ്രീഹരി, എസ്.ഐ ഇ. ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമർഥമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെയെല്ലാം പിടികൂടിയത്. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എസ്.ഐ ജയചന്ദ്രനും സംഘവും സമീപത്തെ കടകളിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോൾ മുഹമ്മദ് റാഫിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും ക്വട്ടേഷൻ വന്ന കാറുകളുടെ നമ്പറുകളും ലഭിച്ചു. ഉടൻ പൊലീസ്, ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. കോഴിക്കോട്ടുള്ള ക്വട്ടേഷൻ സംഘമാണെന്ന് അറിഞ്ഞയുടൻ ജില്ല അതിർത്തികളിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ഒടുവിൽ വൈകീേട്ടാടെ കാത്തങ്ങാട് സൗത്ത് ജങ്ഷനിൽ ഏഴുപ്രതികളും വലയിലായി.
രണ്ടാം പ്രതി കാഞ്ഞങ്ങാട് കൊളവയൽ സി.എച്ച്. മുഹമ്മദ് നബീലിെന്റ പേരിൽ പതിനഞ്ചോളം കേസുകളാണുള്ളത്. ഇതിൽ പതിമൂന്നും ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ കവർച്ച, വധശ്രമം, മയക്കുമരുന്ന്, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകൾ. ജൂലൈയിൽ പഴയങ്ങാടി പൊലീസ് മയക്കുമരുന്നുകേസിലും അറസ്റ്റ് ചെയ്തു.
ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇപ്പോൾ ക്വട്ടേഷൻ കേസിലും ഉൾപ്പെട്ടത്. അതിനിടെ, തട്ടിക്കൊണ്ടുപോകലിന് വിധേയമായ മുഹമ്മദ് റാഫിയും അറസ്റ്റിലായി. കോഴിക്കോട് ഫറോക്കിലെ ഭാര്യക്കും മക്കൾക്കും ചെലവിന് കൊടുക്കാൻ വീഴ്ച വരുത്തിയതിന് കോഴിക്കോട് കുടുംബകോടതി പുറപ്പെടുവിച്ച വാറൻറിനെ തുടർന്നാണ് അറസ്റ്റ്. ഇയാളെ കോഴിക്കോട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.