എങ്ങുമെത്താതെ നീലേശ്വരം ചരിത്ര പൈതൃക മ്യൂസിയം

നീലേശ്വരം: നഗരസഭയുടെ ചരിത്ര പൈതൃക മ്യൂസിയം കടലാസിൽ മാത്രം. പഴയ ലാൻഡ് ട്രൈബ്യൂണൽ ഓഫിസായിരുന്ന നീലേശ്വരം രാജവംശത്തിന്റെ കീഴിലുള്ള കെട്ടിടം ഏറ്റെടുത്ത് പൈതൃക മ്യൂസിയമാക്കാനായിരുന്നു അഞ്ചു വർഷം മുമ്പ് നഗരസഭ തീരുമാനിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നീലേശ്വരം തെക്കെ കോവിലകം ഏറ്റെടുക്കാൻ താൽപര്യം കാണിച്ച പുരാവസ്തുവകുപ്പിന്റെ അന്തിമതീരുമാനമാണ് വൈകുന്നത്. നഗരസഭ മുൻ ചെയർമാനായിരുന്ന പ്രഫ. കെ.പി. ജയരാജന്റെ ഭരണസമിതിയുടെ കാലത്ത് രണ്ടുതവണയാണ് പുരാവസ്തുവകുപ്പ് മേധാവികൾ കോവിലകം സന്ദർശിച്ച് രാജകുടുംബവുമായി ചർച്ച നടത്തിയത്.

എന്നാൽ, തുടർനടപടികളില്ലാതെ നീക്കം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അന്ന് ജില്ല കലക്ടർ ആയിരുന്ന ജീവൻ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച നടന്നത്. പിന്നീട് സർക്കാർ നിശ്ചയിച്ച കെട്ടിടവിലയുടെ പേരിൽ രാജകുടുംബവുമായി ധാരണയിലെത്താതെ പോകുകയായിരുന്നു.

കോവിഡും ലോക്ക് ഡൗണും വന്നതോടെയാണ് കോവിലകം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നീക്കം അനിശ്ചിതത്വത്തിലായത്. തൃപ്പണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൾച്ചറൽ ഹെറിറ്റേജ് സെന്റർ റീജനൽ ഓഫിസർ രജികുമാർ നാലു തവണ കൊട്ടാരം സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടയിൽ മാർക്കറ്റ് വിലയുടെ നിശ്ചിത ശതമാനം നൽകാമെന്ന നിർദേശമാണ് രാജവംശത്തിന് നൽകിയത്. ഇതിനു പുറമെ കെട്ടിടത്തിന് വേറെ വില നൽകാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു. എൺപത് സെന്റോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് കോവിലകം.

മഹാശിലാകാലം തൊട്ട് രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക, നാടോടി വിജ്ഞാനസംബന്ധമായ ഒട്ടേറെ പ്രത്യേകതകളുള്ള നീലേശ്വരത്തിന്റെ ചരിത്രം വരുംതലമുറക്ക് കൂടി പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയമടക്കം ഒരുക്കി കോവിലകം സജ്ജമാക്കാൻ നഗരസഭ പുരാവസ്തുവകുപ്പിൽ സമ്മർദം ചെലുത്തിയിരുന്നത്. പരേതനായ സി. കൃഷ്ണൻ നായർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ആദ്യമായി ഇത്തരമൊരു നിർദേശം മുന്നോട്ടുവന്നത്.

നാല് താവഴികളാണ് നീലേശ്വരം രാജവംശത്തിനുള്ളത്. തെക്കേകോവിലകം, വടക്കേ കോവിലകം, കിണാവൂർ കോവിലകം, കക്കാട്ട് കോവിലകം എന്നിവയാണിവ.

ഇതിൽ വലിയമഠമെന്ന തെക്കെ കോവിലകത്തിനായിരുന്നു അധികാരം. തെക്കെ കോവിലകത്തിലെ മൂത്തയാളാണ് നീലേശ്വരം രാജാവാകുന്നത്. ഇതിനിടയിൽ മാസങ്ങൾക്ക് മുമ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്ഥലം സന്ദർശിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.